പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശം: ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് മഹിളാ അസോസിയേഷൻ

0

ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ പെൺമക്കൾക്ക് സ്വത്തിൽ തുല്യ അവകാശം നൽകി പുറപ്പെടുവിച്ച കേരള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. ലിംഗസമത്വം, തുല്യത എന്നീ ആശയങ്ങൾക്ക് ശക്തി പകരുന്നതാണ്  സിംഗിൾ ബെഞ്ചിൻ്റെ ചരിത്രവിധിയെന്നും അസോസിയേഷൻ അറിയിച്ചു.

2004 ഡിസംബർ 20 നുശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യമായ അവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി. വിഭജിക്കാതെയുള്ള സ്വത്തുക്കളിൽ ആണ് അവകാശം ലഭിക്കുക.

1975 ലെ കേരളാ ജോയിൻ്റ് ഹിന്ദു ഫാമിലി അബോളിഷൻ ആക്ടിലെ 3,4 വകുപ്പുകൾ ആണ് പെൺമക്കളുടെ തുല്യ അവകാശത്തിന് പ്രതിബന്ധം ആയിരുന്നത്.
ആ വകുപ്പുകൾ ലിംഗപരമായ വിവേചനം ഇല്ലാതാക്കിയ 2005 ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

ലിംഗസമത്വം എന്ന ആശയത്തിൻ്റെ അന്തസ്സത്ത പൂർണ്ണമായും ഉൾക്കൊള്ളാൻ ഇന്നും നമ്മുടെ സമൂഹം പക്വമായിട്ടില്ല. എന്നാൽ ഇത്തരത്തിലുള്ള ഓരോ മാറ്റങ്ങളും സമത്വവും തുല്യതയും പുലരുന്ന പുതിയൊരു സമൂഹത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. അത്തരം ഇടപെടലുകൾ നീതിന്യായ സംവിധാനത്തിൽ നിന്നുണ്ടായത് അഭിനന്ദനീയമാണ് എന്നും മഹിളാ അസോസിയേഷൻ പ്രസ്താവനയിഷ പറഞ്ഞു.