ഓപ്പറേഷന്‍ സിന്ദൂറിൻ്റെ വിജയം നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരര്‍ രാജ്യത്തെ സ്ത്രീകളുടെ സിന്ദൂര്‍ മായിച്ചു കളഞ്ഞപ്പോള്‍ നമ്മള്‍ അവരെ ഭൂമിയില്‍ നിന്ന് തന്നെ നീക്കി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി.
ഈ വിജയത്തിന് പിന്നില്‍ നമ്മുടെ സേനകളുടെ അസാമാന്യ ധൈര്യവും പ്രകടനവും ആണ്. രാജ്യത്തിൻ്റെ അഭിമാനമായ സൈനികരെ പ്രശംസിക്കുകയാണ്. സിന്ദൂറിൻ്റെ ഭാഗമായ എല്ലാവര്‍ക്കും അഭിവാദ്യം നേരുന്നു.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. പുരുഷന്മാര്‍ ഭാര്യമാരുടേയും മക്കളുടേയും മുന്നില്‍ മരിച്ചു വീണു. ഈ ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായാണ് പൊരുതിയത്. സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്യം നല്‍കിയപ്പോള്‍ സിന്ദൂര്‍ എന്താണെന്ന് ഭീകരര്‍ മനസ്സിലാക്കി.
പാക്കിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ നമ്മള്‍ തകര്‍ത്തു. അവരുടെ മണ്ണലാണ് നമ്മള്‍ മറുപടി നല്‍കിയത്. അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി ആയിരുന്നു അത്.
ആഗോള തീവ്രവാദവുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ് തകര്‍ത്തത്. 100 തീവ്രവാദികളെ ഇല്ലാതാക്കാനായി. നമ്മള്‍ ഭീകരരെ ആക്രമിച്ചപ്പോള്‍ പാക്കിസ്താന്‍ ഇന്ത്യയിലെ സാധാരണക്കാരേയും സ്‌കൂളുകളും കോളേജുകളും ആരാധനാലയങ്ങളും ലക്ഷ്യമിട്ടു. നമ്മുടെ വ്യോമപ്രതിരോധ സംവിധാനം പാക്കിസ്താന്‍ ആക്രമണങ്ങളെ ആകാശത്തു വെച്ച് തന്നെ തകര്‍ത്തു.
ആണവ ഭീഷണിയൊന്നും ഇന്ത്യയോട് വേണ്ട. ഒരു തരത്തിലുള്ള ആക്രമണവും ഇനി സഹിഷ്ണുതയോടെ കേട്ടിരിക്കില്ല. തീവ്രവാദത്തിനെതിരെ ഇനി സഹിഷ്ണുതയില്ല. തീവ്രവാദവും വ്യാപാരവും ഒരുമിച്ച് നടക്കില്ല. രക്തവും ജലവും ഒരുമിച്ച് ഒഴുകില്ല. തിരിച്ചടിക്ക് പിന്നാലെ പാക്കിസ്താന്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞു. സഹതാപം പിടിച്ചു പറ്റാനും ശ്രമിച്ചു.
നമ്മുടെ സേനകള്‍ അതീവ ജാഗ്രതയില്‍ തന്നെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ഭാരതത്തിന്റെ നീതി കൂടിയാണ്. അത് ഭാരതത്തിൻ്റെ ഭീകരതയോടുള്ള നയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.