മുഖ്യമന്ത്രി വിജയൻ്റെ ഭരണം അവസാനിപ്പിക്കാൻ താൻ ഇനിയും മുന്നിൽ തന്നെ ഉണ്ടാകുമെന്ന് സ്ഥാനം ഒഴിയുന്ന കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എംപി. സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്…
കേരള ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി ആയിരുന്നിട്ടും പിണറായി വിജയൻ്റെ അഴിമതി ഭരണം അവസാനിപ്പിക്കാൻ കഴിയാത്തതിൽ തകർന്നു പോയ കോൺഗ്രസ് പ്രവർത്തകരെയാണ് 2021-ൽ പാർട്ടി എൻ്റെ കൈകളിൽ ഏൽപ്പിച്ചു തന്നത്. അവർക്ക് ഊർജ്ജം പകരുവാനും വീര്യം നൽകുവാനും പാർട്ടിയെ ഒരു സമര സംഘടനയായി രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യത്തോടുകൂടി ഞാൻ പദവി ഒഴിയുകയാണ്.
രണ്ടാംവട്ടം പ്രതിപക്ഷത്തെത്തിയപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തകർന്നു പോകുമെന്നാണ് എതിരാളികൾ പ്രചരിപ്പിച്ചത്. എന്നാൽ പ്രസ്ഥാനത്തിൻ്റെ ഒരു ശില പോലും ഇളക്കാൻ എൻ്റെ കുട്ടികൾ അനുവദിച്ചില്ല എന്നത് എനിക്ക് നിങ്ങൾ നൽകിയ സ്നേഹത്തിൻ്റെ അടയാളമായി ഞാൻ കാണുന്നു. തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾ കൊണ്ട് നിങ്ങൾ എതിർ പ്രചാരണങ്ങളെ ഇല്ലാതാക്കാൻ പാർട്ടിക്കൊപ്പം നിന്നു.
കെപിസിസി പ്രസിഡൻ്റ് പദവി ഏറ്റെടുത്ത നാൾ മുതൽ പാർട്ടിയെ മുന്നോട്ടു നയിക്കുവാൻ നിങ്ങൾ ഓരോരുത്തരും എനിക്ക് തന്ന സഹകരണത്തിന് ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു. പുതിയ നേതൃത്വത്തിന് എല്ലാ ആശംസകളും നേരുന്നു.
ലക്ഷ്യം നമ്മൾ നേടിയിട്ടില്ല. ഇനിയും ഏറെ ദൂരം പോകുവാൻ ഉണ്ട്. കേരളത്തിനെ നശിപ്പിച്ച വിജയൻ്റെ ദുർഭരണത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുക എന്ന കടമ ഇവിടെ അവശേഷിക്കുകയാണ്.
നിങ്ങൾക്ക് വാക്കു തന്നത് പോലെ , കേരളത്തിൻ്റെ സകല മേഖലകളെയും മുടിപ്പിച്ച വിജയൻ്റെ അഴിമതി ഭരണം അവസാനിപ്പിക്കുവാൻ, ഐക്യ ജനാധിപത്യ മുന്നണിയുടെ ജനകീയ സർക്കാർ ഉണ്ടാകുവാൻ കെ സുധാകരൻ എന്ന നിങ്ങളുടെ സഹപ്രവർത്തകൻ മുന്നിൽ തന്നെയുണ്ടാകും. നമ്മൾ ഒരുമിച്ച് ലക്ഷ്യം നേടും.