ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻ്റർവെൻഷൻ സെൻ്റർ കാക്കനാട് പ്രവർത്തനമാരഭിക്കും: മന്ത്രി  ബിന്ദു

0

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി ക്രൈസിസ് ഇൻ്റര്‍വെന്‍ഷന്‍ സെൻ്റര്‍ കാക്കനാട് പ്രവര്‍ത്തനമാരഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ: ആര്‍ ബിന്ദു അറിയിച്ചു.

രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ നയം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാന സര്‍ക്കാരിൻ്റെ സാമൂഹ്യനീതി വകുപ്പ്, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹ്യ ഉന്നമനത്തിനായി വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നു. ഇതിൻ്റെ ഭാഗമായി എറണാകുളം കാക്കനാട്  മെയ് 12ന് ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും.

വിദ്യാഭ്യാസം മുതല്‍ ആരോഗ്യ സംരക്ഷണം വരെയും സ്വയം തൊഴില്‍ നൈപുണ്യ പരിശീലനം മുതല്‍ വിവാഹ ധനസഹായം വരെയും, വിവിധങ്ങളായ മേഖലകളുടെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ടാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര ഉന്നമനം കണക്കിലാക്കി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത്. അതേ സമയം, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സാമൂഹികമായി പലവിധ അതിക്രമങ്ങള്‍ നേരിടുന്നുണ്ട്. പലതരത്തില്‍ വിവേചനം കാണിക്കുന്നതും അവഗണിയ്ക്കുന്നതും മോശമായി പെരുമാറുന്നതും ശാരീരിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നതും മാനസിക പീഡനങ്ങള്‍ ഏല്‍പ്പിക്കുന്നതും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന വെല്ലുവിളികളാണ്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹ്യസുരക്ഷയും സംരക്ഷണവും മുന്‍നിര്‍ത്തി ക്കൊണ്ട്, ഏതു പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുവാനും, അവര്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കുവാനുമായാണ് ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്രൈസിസ് ഇൻ്റര്‍വെന്‍ഷന്‍ സെൻ്റര്‍ ആരംഭിക്കുന്നത്.

സാമൂഹ്യ പിന്തുണാ സംവിധാനങ്ങള്‍ കുറവായതു കൊണ്ടുള്ള ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നവരും, കുടുംബങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു കഴിയുന്നതുകൊണ്ട് ഈ അരക്ഷിതത്വം വര്‍ദ്ധിച്ച നിലയില്‍ നേരിടേണ്ടി വരുന്നവരുമായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അടിയന്തര പ്രതിസന്ധികളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനും, പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും നിലവില്‍ മറ്റു സംവിധാനങ്ങള്‍ ഇല്ല. ഇത് ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്റിന്റെ പ്രാധാന്യം ഏറ്റുന്നു. ലൈംഗിക പീഡനങ്ങള്‍, ശാരീരിക അതിക്രമങ്ങള്‍, മാനസികപീഡന അതിക്രമങ്ങള്‍, ഗാര്‍ഹികപീഡനങ്ങള്‍, ആരോഗ്യ സംബന്ധിയായ പ്രശ്‌നങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയ വിവിധങ്ങളായ പ്രതിസന്ധികളില്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനാണ് ഈ സംവിധാനം.

ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്-ലൈന്‍ നമ്പര്‍ , കൗണ്‍സിലര്‍മാരുടെ സേവനം എന്നിവ ഇവിടെ ലഭ്യമാകും. പോലീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുമായുള്ള ഏകോപനം സെന്ററില്‍ നിര്‍വ്വഹിക്കപ്പെടും, പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൈത്താങ്ങായി കേന്ദ്രം പ്രവര്‍ത്തിക്കും. പ്രതിസന്ധിയില്‍ അകപ്പെടുന്ന വ്യക്തിക്ക് പെട്ടെന്നു വേണ്ട പരിചരണവും, പ്രതിസന്ധി തരണം ചെയ്തു സാധാരണ നിലയിലേക്ക് മടങ്ങാന്‍ സഹായവും നല്‍കലാണ് കേന്ദ്രത്തിന്റെ ആത്യന്തിക പ്രവര്‍ത്തന ലക്ഷ്യം.

ആദ്യഘട്ടമെന്ന നിലയില്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മൂന്ന് കൗണ്‍സിലര്‍മാര്‍, ഒരു കോര്‍ഡിനേറ്റര്‍ എന്നിവരുടെ സേവനങ്ങള്‍ ഉള്‍പ്പെടെ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തന്നെ ഇരുപത്തിനാലു മണിക്കൂറും സക്രിയമായ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1800 425 2147 ലഭ്യമാക്കും. ആധുനിക വിവരസാങ്കേതിക സജ്ജീകരണങ്ങളോടു കൂടിയുള്ള മുഴുവന്‍ സമയ കോള്‍ സെന്റര്‍ കൂടിയായി ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്ററിനെ സജ്ജമാക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ 24,75,000 രൂപ ചെലവഴിച്ചാണ് ഇതിനായുള്ള കെട്ടിട നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 34 ലക്ഷം രൂപ വകയിരുത്തി.

ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ തന്നെയാണ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കുക. ട്രാന്‍സ് ജെന്‍ഡര്‍ ശാക്തീകരണത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ വിവിധ സംരംഭങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞ മുന്നേറ്റത്തിന്റെ നാഴികക്കല്ലാണ് ഈ കേന്ദ്രവും അതിന്റെ നടത്തിപ്പു സംവിധാനവുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഇന്‍ ചാര്‍ജ് സിനോ സേവിയും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.