2025-ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
അബുദാബിയിലെ ഏറ്റവും പഴക്കമേറിയ സാമൂഹിക-സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെൻ്റര്‍ (ഐഎസ് സി) ഭരണം ഇനി പുതിയ കരങ്ങളിൽ. 2025-ലേക്കുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പ്രഖ്യാപിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് – യുഎഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ഏറെ പ്രിയപ്പെട്ട സംഘടനയാണ് ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെൻ്റര്‍.
യുഎഇയിലെ അബുദാബിയിലുള്ള അംഗങ്ങള്‍ നയിക്കുന്ന, ലാഭേച്ഛയില്ലാത്ത ഒരു സംഘടനയാണ് ഐഎസ് സി. ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും, സാമൂഹിക ഐക്യം വളര്‍ത്തുന്നതിനും, വിദ്യാഭ്യാസം, കല, കായികം, സേവനം എന്നിവയിലൂടെ ഇന്ത്യന്‍ സമൂഹത്തെ ശാക്തീകരിക്കുന്നതിനും ഈ പ്രസ്ഥാനം സമര്‍പ്പിച്ചിരിക്കുന്നു. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ആരംഭം. ഇന്ന് ഈ മേഖലയിലെ ഇന്ത്യക്കാരുടെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തിൻ്റെ ഒരു ആണിക്കല്ലായി തുടരുന്നു.
2025 മെയ് 29-ന് കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് വകുപ്പിൻ്റെയും (ഡിസിഡി) കമ്മ്യൂണിറ്റി ശാക്തീകരണ മന്ത്രാലയത്തിൻ്റേയും മേല്‍നോട്ടത്തില്‍ നടന്ന 56-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ…
ജയചന്ദ്രന്‍ നായര്‍ കെ (ഓണററി പ്രസിഡണ്ട്), പി സത്യബാബു (ഓണററി ജനറൽ സെക്രട്ടറി). എക്‌സിക്യൂട്ടീവ് കമ്മിറ്റി: ഷാജി വി. കെ – വൈസ് പ്രസിഡൻ്റ് , ടി. എന്‍. കൃഷ്ണന്‍ – ട്രഷറര്‍, ഡോ. ഷിബു വര്‍ഗീസ് – അസിസ്റ്റൻ്റ് ജനറല്‍ സെക്രട്ടറി,സുജിന്‍ പി. സാംബശിവന്‍ – അസിസ്റ്റൻ്റ് ട്രഷറര്‍, കെ. ടി. പി. രമേശന്‍ – എൻ്റര്‍ടൈന്‍മെൻ്റ് സെക്ര ട്ടറി, രാഹുല്‍ രാജന്‍ – സാഹിത്യ സെക്രട്ടറി, ദീപു മാത്യു – സ്‌പോര്‍ട്‌സ് സെക്രട്ടറി, സുധാന്‍ഷു കുമാര്‍ യാദവ് – സെക്രട്ടറി-വടക്കന്‍ മേഖല, ബുദ്ധേശ്വര്‍ റോയ് – സെക്രട്ടറി- കിഴക്കന്‍ മേഖല, എബ്രഹാം കെ. തോമസ് – സെക്രട്ടറി- ദക്ഷിണ മേഖല, അനില്‍ സി. ഇഡിക്കുല്ല – ഓഡിറ്റര്‍
ഈ വര്‍ഷത്തെ കമ്മിറ്റിയിൽ പകുതിയലധികം അംഗങ്ങള്‍ വര്‍ഷങ്ങളുടെ സമര്‍പ്പിത സേവനം സെൻ്ററിനായി നല്‍കിയവരാണ് എന്ന പ്രത്യേകത ഉണ്ട്.
1967 ല്‍ സ്ഥാപിതമായ ഐഎസ് സി, അബുദാബിയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് സാംസ്‌കാരിക കേന്ദ്രമാണ്. ലോകോത്തര സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കേന്ദ്രമായി വളർന്ന ഇവിടെ വൈവിധ്യങ്ങളായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നു.
സാംസ്‌കാരിക പരിപാടികൾ, പ്രകടന കലകൾ, വിനോദവും മെഗാ ഇവന്റുകളും, കായിക പരിപാടികൾ, ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങൾ, സാഹിത്യ പരിപാടികള്‍, സെമിനാറുകള്‍, വിദ്യാഭ്യാസ ഫോറങ്ങള്‍, കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്, വെല്‍ഫെയര്‍ സംരംഭങ്ങള്‍, പ്രധാന ഇന്ത്യന്‍ ഉത്സവങ്ങള്‍, ദേശീയ ദിനങ്ങള്‍, സാമൂഹിക ഒത്തുചേരലുകള്‍ തുടങ്ങിയ ഇവയിൽ ചിലതാണ്.
യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി നൂതന സംരംഭങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം ഐഎസ് സിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളാകും പുതിയ കമ്മിറ്റി നടപ്പിലാക്കുകയെന്ന് നിയുക്ത വൈസ് പ്രസിഡണ്ട് വി കെ ഷാജി മലയാളി ഡസ്ക്ക് ന്യൂസിനോട് പറഞ്ഞു. • യുവാക്കളെയും സ്ത്രീകളെയും കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ വികസിപ്പിക്കല്‍ • സാംസ്‌കാരിക സഹകരണങ്ങള്‍ ആരംഭിക്കല്‍
• സമൂഹക്ഷേമവും വ്യാപനവും ശക്തിപ്പെടുത്തല്‍ • അംഗങ്ങളുടെ ഇടപെടലും ഡിജിറ്റല്‍ സേവനങ്ങളും വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതായും ഷാജി പറഞ്ഞു.