ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം

0

സംസ്ഥാനത്തെ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനെ പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന് ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കുവാന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല ഒഴികെയുള്ള മറ്റ് ചുമതലകള്‍ അദ്ദേഹം തുടര്‍ന്നും വഹിക്കും.

ന്യൂഡല്‍ഹി കേരളാഹൗസ് റസിഡന്‍റ് കമ്മീഷണര്‍ പുനീത് കുമാറിനെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി (രണ്ട്) യുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിനെ ഡല്‍ഹി കേരളാഹൗസ് റസിഡന്‍റ് കമ്മീഷണറായി മാറ്റി നിയമിക്കും.

ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല തുടര്‍ന്നും അദ്ദേഹം വഹിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ വിക്രംജിത് സിങ്ങിനെ (ഐപിഎസ്) കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.  കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് മാനേജ്മെന്‍റ് ലിമിറ്റഡില്‍ റഗുലര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ നിയമിക്കും വരെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

ആറാം സംസ്ഥാന ധനകാര്യകമ്മീഷന്‍ അംഗമായി ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ്കുമാര്‍ സിങ്ങിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ മനോജ് ജോഷിക്ക് പകരമാണ് ഈ നിയമനം.