തൻ്റെ നിയമനം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു

0

സ്‌പേസ് പാര്‍ക്കിലെ തൻ്റെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നു എന്ന് സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. എന്‍ഫോഴ്‌സ്‌മെന്റിന് കൊടുത്ത മൊഴിയിലാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

യുഎഇ കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയ്ക്ക് പിണറായി വിജയന് തന്നെ അറിയാമായിരുന്നു.സ്‌പേസ് പാര്‍ക്കില്‍ ജോലി കിട്ടി എത്തിയെന്ന വിവരവും മുഖ്യമന്ത്രി അറിയാമായിരുന്നു. അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എ ശിവശങ്കറിനെ കണ്ടത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എട്ട് തവണയും അനൗദ്യോഗികമായി നിരവധി തവണയും ശിവശങ്കറെ കണ്ടിട്ടുണ്ട്.

സ്‌പേസ് പാര്‍ക്കില്‍ നിയമനം കിട്ടിയത് ശിവശങ്കറുമായുള്ള അടുപ്പം കൊണ്ടാണ്. കെഎസ്‌ഐടിഐഎല്‍ എംഡി ഡോഷ ശിവശങ്കറിനെ കാണാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണ്. സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷിനേയും കണ്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ച് എല്ലാം ശരിയാക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞു. അതിന് ശേഷമാണ് തനിക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷില്‍ നിന്ന് ജോലിയില്‍ പ്രവേശിക്കാന്‍ വിളി വന്നത്.

യൂണിടാക് ബില്‍ഡേഴ്‌സില്‍ നിന്ന് കമ്മീഷന്‍ കിട്ടിയിരുന്നു. 1.08 കോടി രൂപയാണ് കിട്ടിയത്. കോണ്‍സുല്‍ ജനറല്‍ 35,000 ഡോളറും നല്‍കി. വേറെയും കമ്പനികളില്‍ നിന്നും കമ്മീഷന്‍ കിട്ടിയിരുന്നു. ഇതെല്ലാം ഇന്ത്യന്‍ രൂപയായി ബാങ്കുകളില്‍ നിക്ഷേപിച്ചുവെന്നും ഇഡിക്ക് നല്‍കിയ മൊഴികളില്‍ പറയുന്നു.