പുറ്റേക്കര പൂരം വെള്ളി, ശനി ദിവസങ്ങളിൽ, ഒരുക്കങ്ങൾ പൂർണം

0

തൃശൂർ ജില്ലയിലെ പ്രശസ്തമായ പൂരങ്ങളിലൊന്നായ ആണ്ടപറമ്പ് -പുറ്റേക്കര കുറുവിൽകാവ്-നെയ്തില്ക്കാവ് മഹാവിഷ്ണു-ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം വെള്ളി, ശനി ദിവസങ്ങളിൽ വിപുലമായി ആഘോഷിക്കും.
ഫെബ്രുവരി 14 , 15 തിയ്യതികളിലാണ് പൂരം എങ്കിലും ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഇവിടുള്ളത്, ഈ വർഷത്തെ പൂരത്തിന് എട്ടാം തിയതി കൊടിയേറി .

കൊടിയേറ്റനാളിൽ നടന്ന ഗാനമേള ആസ്വദിക്കാൻ വൻ ജനാവലിയെത്തി. പുറ്റേക്കര ഓട്ടോ ഡ്രൈവേഴ്സ് വകയായിരുന്നു ഗാനമേള. പൂരത്തോടനുബന്ധിച് നിരവധി കലാപരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ അറിയപ്പെടുന്ന ഗജവീരന്മാരാണ് പൂരത്തിന് എത്താറുള്ളത്. പ്രശസ്ത മേളം കലാകാരന്മാർ ഒന്നിക്കുന്ന പൂരം കൂടിയാണിത്. കാവടി, ചിന്ത് കാവടി, ചമയങ്ങൾ, താലം വരവ്, പറപുറപ്പാട് , തായമ്പക, പഞ്ചാരി, തിടമ്പ് എഴുന്നള്ളിക്കൽ തുടങ്ങിയ ആഘോഷത്തിൽ ഉണ്ടാകും. നാടൻ കലാരൂപങ്ങൾ വാദ്യങ്ങൾ എന്നിവയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.
നാനാ ജാതി മതസ്ഥരുടെ അഭയസ്ഥാനമാണ് ഈ ക്ഷേത്രം. അതുകൊണ്ടു തന്നെ നാടിന്റെയാകെ ആഘോഷമാണ് പൂരാഘോഷം. ഇക്കുറി ഒൻപത് സമാജങ്ങളുടെ ആനയെഴുന്നള്ളത്ത് വെള്ളിയാഴ്ച ഉണ്ടാകും. ഇതിനു പുറമെയാണ് ദേവസ്വം വക. എഴുന്നള്ളത്തിനു മാറ്റുകൂട്ടാൻ പഞ്ചവാദ്യം, ശിങ്കാരിമേളം തുടങ്ങിയ മേളങ്ങളുടെ അകമ്പടി ഉണ്ടാകും. നിരവധി നാടൻ കലാരൂപങ്ങളും വാദ്യങ്ങളും പതിവ് പോലെ ഇക്കുറിയും കാണികളുടെ മനം നിറയ്ക്കും.
ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.