കുടുങ്ങുക മന്ത്രി പുത്രന്മാര്‍ മാത്രമാവില്ല

0

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരുടേയും മക്കള്‍ മാത്രമാവില്ല കുടുങ്ങുകയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. അതോര്‍ത്താണ് മുഖ്യമന്ത്രി പിണായി വിജയന് വേവലാതി എന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സ്വര്‍ണം കടത്തിയതിന്റെ വേരുകള്‍ ചികഞ്ഞു പോകുമ്പോള്‍ പാര്‍ടി സെക്രട്ടറിയുടെ പുത്രനോ മന്ത്രി പുത്രന്മാരോ മാത്രമാകില്ല കുടുങ്ങുക. ഇതോര്‍ത്താണോ പിണറായിയ്ക്ക് ഇത്ര വേവലാതി. എന്റെ സ്ഥാനത്തെ കുറിച്ച് ഓര്‍ത്ത് പിണറായി വിജയന്‍ ആശങ്കപ്പെടേണ്ട. സ്വന്തം മന്ത്രിസഭയിലെയും പാര്‍ടിയിലേയും കള്ളക്കടത്തുകാരെയും അഴിമതിക്കാരെയും ശരിയാക്കിയിട്ട് പോരെ എന്നെ ശരിയാക്കുന്നത്.

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോള്‍, ധനമന്ത്രാലയം നല്‍കിയ ഉത്തരത്തില്‍ കേറിപ്പിടിച്ച് മുഖ്യമന്ത്രിയടക്കം തകര്‍ക്കുകയാണ്. നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ കിട്ടിയ കച്ചിത്തുരുമ്പില്‍ പിടിച്ചു കയറണം എന്നാകും ഉപദേശികളില്‍ നിന്ന് നിന്ന് കിട്ടിയ ക്യാപ്‌സൂള്‍. എല്ലാം ശരിയാക്കാന്‍ വന്നിട്ട് ഇപ്പോള്‍ പിണറായിയെ ശരിയാക്കുകയാണ് ഒപ്പമുള്ളവര്‍.

ധനമന്ത്രാലയം നല്‍കിയ ഉത്തരം പൂര്‍ണമായി വായിച്ചാല്‍ പിണറായി സഖാവിന് കാര്യം മനസ്സിലാകും. ഡിപ്ലോമാറ്റിക് ബാഗ് എന്ന് എഴുതിവച്ചാണ് സ്വര്‍ണം കടത്തിയത്. അതുതന്നെയാണ് താനും പറഞ്ഞത്. യഥാര്‍ത്ഥ ഡിപ്ലോമാറ്റിക് ബാഗ് ആയിരുന്നെങ്കില്‍ ഇത് വിദേശ രാജ്യവുമായുള്ള കേസ് ആകുമായിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു.