കൂടുതല്‍ രാഷ്ട്രീയ കൊലപാതകം നടത്തിയത് സിപിഎമ്മെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവരാവകാശ രേഖ പ്രകാരം കണ്ണൂര്‍ ജില്ലാ പൊലീസ് നല്‍കിയ വിവരത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.
1984 മുതല്‍ 2018 മെയ് വരെയുള്ള കാലയളവില്‍ സിപിഎം നടത്തിയത് 78 കൊലപാതകങ്ങള്‍. ആകെയുള്ള 125 കൊലപാതകത്തിലാണ് സിപിഎം 78 കേസുകളില്‍ പ്രതികളായത്. രണ്ടാമതുള്ള ബിജെപി പ്രതികളായത് 39 കേസുകളില്‍ മാത്രമാണ്. മറ്റു പാര്‍ടികള്‍ 7 കേസുകളില്‍ പ്രതികളായപ്പോള്‍ കോണ്‍ഗ്രസ് പ്രതിയായത ഒരു കേസില്‍ മാത്രം.
എന്നാല്‍ കൂടുതല്‍ പ്രവര്‍ത്തകരെ നഷ്ടമായത് ബിജെപിക്കാണ്. 53 ബിജെപിക്കാരാണ് കൊല്ലപ്പെട്ടത്. സിപിഎമ്മിന് നഷ്ടമായത് 46 പേരെ. കോണ്‍ഗ്രസിന് 19 പേര്‍ നഷ്ടപ്പെട്ടപ്പോള്‍ മറ്റു പാര്‍ടികള്‍ക്ക് 7 പേരും നഷ്ടമായി.
എന്നാല്‍ ഈ കണക്കെല്ലാം ഔദ്യോഗികം മാത്രമാണ്. രാഷ്ട്രീയ കൊലപാതക ലിസ്റ്റില്‍ വരാത്ത മറ്റ് കൊലപാതകങ്ങളുടെ കണക്ക് എടുത്താല്‍ സിപിഎം പ്രതികളായ കേസുകള്‍ വളരെ കൂടുതലാണ്. കണ്ണൂരില്‍ 225 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഏകദേശ കണക്ക്.
കണ്ണൂരില്‍ കൂടുതല്‍ രാഷ്ട്രീയ കൊലപാതങ്ങള്‍ നടക്കുന്നത് ഇടതു മുന്നണി സംസ്ഥാനത്ത് ഭരണത്തില്‍ ഇരിക്കുമ്പോഴാണ്. യുഡിഎഫ് ഭരണത്തില്‍ കൊലപാതകങ്ങള്‍ കുറയുന്നെങ്കിലും വീണ്ടും എല്‍ഡിഎഫ് വരുമ്പോള്‍ കൊലപാതകങ്ങള്‍ കൂടുന്നതുമാണ് ചരിത്രം.
1996-2001 കാലത്തെ എല്‍ഡിഎഫ് ഭരണത്തില്‍ കണ്ണൂരില്‍ മാത്രം 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അടുത്ത ഭരണത്തില്‍ ഇത് 10 ആയി കുറഞ്ഞു. വീണ്ടും എല്‍ഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ കൊലപാതകങ്ങള്‍ 30 എത്തി. വീണ്ടും യുഡിഎഫ് വന്നപ്പോള്‍ ഇത് 11 ആയി കുറഞ്ഞു. ഇപ്പോഴത്തെ മന്ത്രിസഭ അധികാരത്തില്‍ വന്ന് ആദ്യ രണ്ട് വര്‍ഷത്തില്‍ മാത്രം കൊല്ലപ്പെട്ടത് 10 പേരാണ്. സംസ്ഥാനത്ത് ക്രമാസമാധാനം പാലിക്കാന്‍ യുഡിഎഫിന് മാത്രമേ കഴിയൂ എന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.