രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ശേഷം ജോസഫ് പക്ഷത്തിനൊപ്പം പോയവര്‍ക്ക് അന്ത്യശാസനവുമായി ജോസ് കെ മാണി. ഉടന്‍ മടങ്ങിവന്നില്ലെങ്കില്‍ അയോഗ്യരാക്കുമെന്നാണ് ജോസിന്റെ ഭീഷണി. ഇതിന് മുന്നോടിയായി ജില്ലാ നേതൃയോഗങ്ങള്‍ ഉടന്‍ ചേരും. ഇതില്‍ ജനപ്രതിനിധികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാവും.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് എം എന്ന പേരും ഉപയോഗിക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന് അനുമതി കൊടുത്തത്. ഇതോടെയാണ് ജോസഫ് ഗ്രൂപ്പിലേക്ക് പോയവരെ ഭീഷണിപ്പെടുത്തി മടക്കി കൊണ്ടുവരാന്‍ ജോസ് വിഭാഗം ശ്രമം തുടങ്ങിയത്.
എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കാനാണ് പി ജെ ജോസഫ് തീരുമാനിച്ചിട്ടുള്ളത്. കോടതിയെ സമീപിക്കാനാണ് ലഭിച്ച നിയമോപദേശവും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമല്ലെന്നും നിയമ വിദഗ്ദര്‍ പറയുന്നു. അവസാന ചിരി തങ്ങളുടേതാവും എന്നും ഇപ്പോള്‍ ചിരിക്കുന്നവരെ കാത്തിരിക്കുന്നത് കണ്ണീരാവും എന്നും ജോസഫ് പറയുന്നത് ഇതുകൊണ്ടാണ്.