‘ബിനീഷ് കോടിയേരിക്ക് ലഹരി സംഘവുമായി ബന്ധം’

0

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ബംഗളുരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്ന് ഫിറോസ്. പ്രതിയായ അനൂബ് മുഹമ്മദിന് വേണ്ടി പണം മുടക്കുന്നത് ബിനീഷ് കോടിയേരി ആണെന്നും പി കെ ഫിറോസ് പറഞ്ഞു. അനൂപ് മുഹമ്മദ് നര്‍ക്കോട്ടിക്ക് ബ്യൂറോയ്ക്ക് നല്‍കിയ മൊഴി പുറത്തു വിട്ടാണ് ആരോപണം ഉന്നയിച്ചത്.

ലോക്ക് ഡൗണിനിടെ ജൂണ്‍ 19ന് അനൂപ് മുഹമ്മദ് കുമരകത്ത് നിശാ പാര്‍ടി നടത്തിയിരുന്നു. ഇതില്‍ ബിനീഷ് കോടിയേരി പങ്കെടുത്തിട്ടുണ്ട്. സിനിമാ മേഖലയുമായും ഈ ലഹരി സംഘത്തിന് ബന്ധമുണ്ട്. ജൂലൈ 10ന് നിരവധി തവണ ബിനീഷ് അനൂപിനെ വിളിച്ചു. അന്നാണ് സ്വപ്‌ന ബംഗളുരുവില്‍ എത്തിയത്. 26 തവണയാണ് വിളിച്ചത്. ലഹരി കടത്തു കേസില്‍ അറസ്റ്റിലായ പ്രതികളുമായി സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് പങ്കുണ്ട്. ഫോണ്‍ രേഖ ഉടന്‍ പുറത്തുവിടും. ഈ കേസിന്റെ അന്വേഷണം കേരളത്തിലേക്ക് എത്താതിരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പി കെ ഫിറോസ് പറഞ്ഞു.