കാലാവധി നീട്ടിയാല്‍ ആകാശം ഇടിഞ്ഞു വീഴില്ല

0

പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ് സി നിയമനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.

അനുവിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും പി എസ് സിക്കുമാണ്. കുടുംബത്തിനുണ്ടായത് വലിയ നഷ്ടമാണ്. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുകയും സാമ്പത്തിക സഹായം ചെയ്യുകയും വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അനുവിന്റെ ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാരാണ് എന്ന് ആരോപിച്ച് സംസ്ഥാനമാകെ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സെക്രട്ടറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാര്‍ച്ചുകള്‍ നടന്നു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. പലയിടത്തും ജലപീരങ്കി പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തിയത്.

അനുവിന്റെ വീട്ടിലെത്തിയ സിപിഎം എംഎല്‍എ സി കെ ഹരീന്ദ്രന് മുന്നില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പി എസ് സിയെ ന്യായീകരിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.