സെക്രട്ടറിയറ്റില്‍ 99.9 ശതമാനവും ഇ ഫയലാണെന്ന സോഷ്യല്‍ മീഡിയയില്‍ അടക്കം വരുന്ന പ്രചാരണം കള്ളമാണെന്ന് റിപ്പോര്‍ട്ട്. സെക്രട്ടറിയറ്റില്‍ ഇ ഫയല്‍ ആക്കാത്ത നിരവധി ഫയലുകളുണ്ട്. മിക്കതും അതീവ പ്രാധാന്യമുള്ളതും.
ഇന്നലെ തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തന്ത്രപ്രധാന ഫയലുകളില്‍ പലതും ഇ ഫയല്‍ അല്ല. യുഎഇ കോണ്‍സുലേറ്റിന് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ക്ക് അനുമതി നല്‍കിയ രേഖകളൊന്നും ഇ ഫയലായിട്ടില്ല. അനുമതി രേഖകളില്‍ പലതും പേപ്പറില്‍ തന്നെയാണ്.
വിവാദമായ സ്വര്‍ണ കള്ളക്കടത്തില്‍ എന്‍ഐഎ അന്വേഷിക്കുന്ന ഫയലുകളില്‍ മിക്കതും പേപ്പര്‍ ഫയലാണ്. മന്ത്രിമാരുടേയും ശിങ്കിടികളുടേയും വിദേശ യാത്ര, സ്വപ്‌ന അടക്കമുള്ള അവതാരങ്ങളുടെ വിവിഐപി പരിഗണന, ഇത്തരക്കാരുടെ വിദേശയാത്രകള്‍ തുടങ്ങിയവയൊക്കെ ഇ ഫയല്‍ അല്ല.
ഇന്നലെ തീപിടിത്തമുണ്ടായത് ഇത്തരം ഫയലുകള്‍ സൂക്ഷിച്ചിരുന്നതിന്റെ അടുത്താണ്. തീപിടിത്തം അല്‍പ്പസമയം കൂടി തൂടര്‍ന്നിരുന്നെങ്കില്‍ ഇവ കൂടി നശിക്കുമായിരുന്നു എന്നാണ് വിവരം. സെക്രട്ടറിയറ്റില്‍ ഫയര്‍ ആന്റ് സേഫ്റ്റി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും അവര്‍ തീ അണയ്ക്കാന്‍ ചെന്നിട്ടില്ലെന്നത് വിവാദമായിരുന്നു. ചെങ്കല്‍ച്ചൂള യൂണിറ്റില്‍ നിന്നാണ് അഗ്നിശമന ഉദ്യോഗസ്ഥര്‍ എത്തിയത്. അതായത് തീ അണക്കുന്നതില്‍ അമാന്തം ഉണ്ടായി.
സെന്‍ട്രലൈസ്ഡ് എസിയുള്ളപ്പോള്‍ എന്തിനാണ് ഇവിടെ ഫാന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം പ്രസക്തമാണ്. അദ്ദേഹം ഒരു പടി കൂടി കടന്ന് പഴയ ഫാന്‍ ഇവിടെ കെട്ടിതൂക്കിയതാണെന്നും ആരോപിച്ചു. തീപിടിത്തം ആസൂത്രിതമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാദത്തിന് അദ്ദേഹം ഇന്ന് ഒരു രേഖ പ്രദര്‍ശിപ്പിച്ചു. സെക്രട്ടറിയറ്റിലെ തീപിടിത്തം ഒഴിവാക്കാന്‍ സര്ക്കാര്‍ ഇറക്കിയ ഉത്തരവ്. കള്ളക്കടത്ത് കേസ് ലോകം അറിഞ്ഞതിന് ശേഷമാണ് ഉത്തരവ് ഇറക്കിയത്. അതായത് രേഖകള്‍ കത്തിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.