സെക്രട്ടറിയറ്റിലെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പുറത്താക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും. പൊതുഭരണ വിഭാഗത്തില്‍ ഉണ്ടായ തീപിടുത്തം ആസൂത്രിതമാണെന്ന ആരോപണം ശക്തമാവുന്നതിനിടെയാണ് അനിതര സാഹചര്യവുമായി ചീഫ് സെക്രട്ടറി മാധ്യമങ്ങളെ സെക്രട്ടറിയറ്റിന് പുറത്താക്കാന്‍ നേരിട്ടെത്തിയത്.
തീപിടുത്തം അറിഞ്ഞ് എത്തി പ്രതിഷേധിച്ച ബിജെപി നേതാക്കളേയും പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
തീപിടുത്തം നടക്കുമ്പോള്‍ താന്‍ മീറ്റിംഗിലായിരുന്നു എന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉള്ളില്‍ കടന്നാല്‍ അന്വേഷണവും രക്ഷാപ്രവര്‍ത്തനവും ശരിയായ രീതിയില്‍ നടക്കില്ലെന്നും അതിനാലാണ് മാധ്യമങ്ങളെ പുറത്താക്കിയതെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത പറഞ്ഞു.
ഫയലുകള്‍ മാറ്റാന്‍ വേണ്ടിയാണ് മാധ്യമങ്ങളെ ചീഫ് സെക്രട്ടറി തന്നെ നേരിട്ടെത്തി പുറത്താക്കിയതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമാണ് ചീഫ് സെക്രട്ടറി നേരിട്ട് എത്തി മാധ്യമങ്ങളെ സെക്രട്ടറിയറ്റിന് പുറത്തേക്ക് തള്ളി മാറ്റിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തലസ്ഥാനത്തെ എംഎല്‍എയായ തന്നെ പോലും സെക്രട്ടറിയറ്റിന് ഉള്ളിലേക്ക് കടത്തി വിടുന്നില്ല എന്ന് മുന്‍മന്ത്രി കൂടിയായ വി ശിവകുമാര്‍ പറഞ്ഞു. ഇത് കൃത്യമായ ഗൂഡാലോചനയാണ്. ഫയലുകള്‍ കത്തിക്കുകയും അതിന്റെ മറവില്‍ രേഖകള്‍ കടത്തുകയുമാണ് ലക്ഷ്യമെന്നു വി ശിവകുമാര്‍ പറഞ്ഞു