ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നഴ്‌സുമാര്‍

0

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ നഴ്‌സുമാര്‍ ഇന്നു മുതല്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും. ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ് സമരം. സ്റ്റാഫ് നഴ്‌സിന് നല്‍കുന്ന അടിസ്ഥാന വേതനമെങ്കിലും ലഭിക്കണമെന്നാണ് ആവശ്യം. ഇതോടെ മെഡിക്കല്‍ കോളേജുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും.

സംസ്ഥാനത്തെ 7 മെഡിക്കല്‍ കോളേജുകളിലായി 375 ജൂനിയര്‍ നഴ്‌സുമാരാണ് ഉള്ളത്. ബിഎസ് സി നഴ്‌സിംഗ് പാസ്സായി ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിനാണ് ചേര്‍ന്നവരാണിവര്‍. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്റ്റാഫ് നഴ്‌സുമാര്‍ ചെയ്യുന്ന ജോലിയെല്ലാം ഇവരുടേയും ആയി. കടുത്ത ജോലിഭാരം ആയിട്ടും നിസ്സാരമായ 13,900 രൂപ മാത്രമാണ് അലവന്‍സ്. അതിനാല്‍ ഇതേ ജോലി ചെയ്യുന്ന നഴ്‌സിന്റെ അടിസ്ഥാന ശമ്പളമായ 27,800 രൂപയെങ്കിലും നല്‍കണമെന്നാണ് ജൂനിയര്‍ നഴ്‌സുമാരുടെ ആവശ്യം.

കോവിഡ് കാലത്ത് മറ്റെല്ലാ വിഭാഗങ്ങള്‍ക്കും ശമ്പളവും അലവന്‍സുകളും വര്‍ധിപ്പിച്ചിട്ടും തങ്ങളെ മാത്രം അവഗണിക്കുകയാണെന്നും ഇവര്‍ പരാതിപ്പെടുന്നു. അതിനാല്‍ ശമ്പളം വര്‍ധിപ്പിക്കും വരെ ഇന്നു മുതല്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ജൂനിയര്‍ നഴ്‌സുമാര്‍ അറിയിച്ചു.