സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ ഉത്പ്പന്നങ്ങള്‍ കുറവുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ പരിശോധിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. വിജലന്‍സ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിലെ വീഴ്ച പരിശോധിക്കും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അളവുകളും തൂക്കവും ഉണ്ടെന്ന് ഉറപ്പാക്കും. തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീപാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യുമെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
വിതരണത്തിന് തയ്യാറായ പാക്കുകളില്‍ വലിയ തോതില്‍ തൂക്ക കുറവുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ മാത്രമാണ് പാക്കുകളില്‍ ഉള്ളത്. 11 ഇനങ്ങള്‍ അടങ്ങിയ 500 രൂപ മൂല്യമുള്ള കിറ്റാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ ഇത്രയും രൂപക്കുള്ളവ ഇല്ലെന്ന പരാതിയിലാണ് പരിശോധന നടന്നത്.





































