കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ ജനങ്ങളുടെ ഫോൺ കോള്‍ ഡീറ്റെയ്ൽസ് പൊലീസ് എടുക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗം ഒരു കുറ്റകൃത്യമല്ല, രോഗി ക്രിമിനലുമല്ല.
ഗുരുതരമായ മനുഷ്യവകാശ ലംഘനമാണ് കേരള പൊലീസ് ചെയ്യുന്നത്. കേരളത്തെ ഒരു സര്‍വെയ്ലന്‍സ് സ്‌റ്റേറ്റാക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. സ്പ്രിംഗ്‌ളര്‍ ഇപ്പോഴും ഡാറ്റ ശേഖരിക്കുന്നുവെന്ന് കോടതിയില്‍ പറഞ്ഞവര്‍ പിന്നെന്തിനാണ് പൊലീസിനെക്കൊണ്ട് ഇത്തരത്തില്‍ നിയമവിരുദ്ധമായി പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത്? ഇത് ഭരണഘടനാ ലംഘനമാണ്.
ഫോൺകോൾ വിശദാംശങ്ങൾ പൊലീസിന് കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായിട്ട് മാത്രമേ കലക്റ്റ് ചെയ്യാനാകൂ. ഇവിടെ എവിടെയാണ് കുറ്റകൃത്യം?
ടെലിഗ്രാഫ് ആക്ട് സെക്ഷന് 5(2) പ്രകാരമാണ് പൊലീസിന് ഫോൺ കോള്‍ ഡിറ്റെയിൽസ് എടുക്കാവുന്നത്. ഇത് സംബന്ധിച്ച നിയമം എന്ത് എന്ന് മുഖ്യമന്ത്രിക്ക് വായിച്ചു മനസിലാക്കാവുന്നതാണ്. ഇതേ വിഷയം സബന്ധിച്ച് 2019 ഫെബ്രുവരി 12 ന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സ്പഷ്ടീകരണവും വായിച്ചു മനസിലാക്കാം. അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ 29.6.2020ന് ഇറക്കിയ സര്‍ക്കുലര്‍ എങ്കിലും വായിക്കണം. സെക്ഷന്‍ 5(2) Telegraph Act പ്രകാരം മാത്രമേ പൗരന്മാരുടെ സ്വകാര്യതയിലേക്ക് സര്‍ക്കാരിന് കടന്ന് കയറാനാവൂ.
ഈ മാസം പതിനൊന്നിനു ഡി.ജി.പി ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വളരെ നാളുകളായിത്തന്നെ ജനങ്ങളുടെ CDR അഥവാ Call Details Records പോലീസ് എടുത്തു കൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കുലറില്‍ത്തന്നെ ബി എസ് എന്‍ എല്ലില്‍ നിന്നും കൃത്യമായി വിവരങ്ങള്‍ ശേഖരിക്കണം എന്നും, വോഡഫോണ്‍ അത് കൃത്യമായി നല്‍കുന്നില്ല എന്നും ആണ് പറയുന്നത്? അപ്പോള്‍ കുറേ മാസങ്ങള്‍ ആയി ഈ പരിപാടി ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി വൈകിട്ടത്തെ പത്ര സമ്മേളനത്തില്‍ ഇത് സമ്മതിക്കുകയും ചെയ്തു. എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് സർക്കാർ പരസ്യപ്പെടുത്തണം. ആരാണീ നിയമവിരുദ്ധമായ നിര്‍ദ്ദേശം നല്‍കിയത്?
ഭരണഘടനയുടെ Article 21 ന്റെ ലംഘനമാണ് ഇപ്പോൾ ഇവിടെ നടന്നിട്ടുള്ളത്. പുട്ടസ്വാമി കേസില്‍, Right to Privacy എന്നാല്‍ Right to Life എന്ന Article 21 ന്റെ പരിധിയില്‍ വരും എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ടെലിഗ്രാഫ് ആക്ടിന്റെ ലംഘനം സെക്ഷന്‍ 26 പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. മുഖ്യമന്ത്രിയും DGP യും നേതൃത്വം നല്‍കുന്ന ഭരണഘടനാ ലംഘനവും നിയമലംഘനവും നിയമപരമായി ചോദ്യം ചെയ്യും. ഭരണം മാറുമെന്നും കുറ്റക്കാർ രക്ഷപ്പെടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ഓര്‍മ്മിപ്പിച്ചു.