ഹിംസയുടെ പ്രഭവ കേന്ദ്രം പിണറായി വിജയന്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമൂഹത്തിലായാലും, സാമൂഹ്യ മാധ്യമങ്ങളിലായാലും, ഹിംസയുടെ പ്രഭവകേന്ദ്രം, പിണറായി വിജയന്‍ ആണ്.
മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ ക്ലാസ്സ്, സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ആയിരുന്നു. എനിക്ക് മാത്രമാണോ തോന്നിയത് എന്നറിയില്ല, കേട്ടപ്പോള്‍ ചെകുത്താന്‍ വേദം ഓതുന്ന പോലെ തോന്നി. ഹിംസയുടെ പ്രവാചകന്‍, അഹിംസയെക്കുറിച്ച് വാചാലനാകുന്ന പോലെ ആയിരുന്നു അത്.
യഥാ രാജ:, തഥാ പ്രജ, രാജാവ് എങ്ങനെയാണോ, അങ്ങനെ തന്നെയാണ് പ്രജകളും. നമുക്ക് അറിയാം, വീട്ടില്‍, അച്ഛനമ്മമാരെ കണ്ടാണ് മക്കള്‍ പഠിക്കുന്നത്. ഇവിടെ എന്താണ് പിണറായി വിജയന്‍ അണികളെ, പറഞ്ഞും, പ്രവര്‍ത്തിച്ചും പഠിപ്പിച്ചത്. ടി പി ചന്ദ്രശേഖരനേയും, ഷുഹൈബിനെയും കൃപേഷിനേയും, ഷുക്കൂറിനേയും, ശരത് ലാലിനേയും, മനുഷ്യത്വം മരവിക്കുന്ന രീതിയില്‍ അരിഞ്ഞ് വീഴ്ത്തിയപ്പോള്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ആരുടെ കയ്യില്‍ ആയിരുന്നു. പിണറായി വിജയന്റെ കയ്യില്‍.
നമുക്ക് ആര്‍ക്കെങ്കിലും അന്‍പത്തി ഒന്ന് വെട്ട് വെട്ടി ഒരു മനുഷ്യനെ കൊന്നിട്ട്, പിറ്റേന്ന് അയാള്‍ കുലംകുത്തിയാണെന്നും, അയാള്‍ കൊല്ലപ്പെടേണ്ട ആള്‍ തന്നെ എന്ന മട്ടില്‍ സംസാരിക്കാന്‍ സാധിക്കുമോ? ആ കൊലക്കേസിലെ പ്രതി മരിച്ചപ്പോള്‍, സംസ്ഥാന മുഖ്യമന്ത്രിതന്നെ അയാളെ വീര പുരുഷനായി ചിത്രീകരിക്കുന്നു. അത് സമൂഹത്തില്‍ നല്‍കിയ സന്ദേശം എന്താണ്? ഹിംസയെ മഹത്വവല്‍കരിക്കുകയല്ലേ പിണറായി വിജയന്‍ ചെയ്തത്? ഷുഹൈബിന്റെയും ശരത് ലാലിന്റെയും, കൃപേഷിന്റെയും കേസ് സി ബി ഐ ഏറ്റെടുക്കാതിരിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് കോടികള്‍ മുടക്കി അഭിഭാഷകരെ കൊണ്ടു വന്നപ്പോള്‍, എന്ത് സന്ദേശം ആണ് കൊലയാളികള്‍ക്ക് നല്‍കിയത്? നിങ്ങള്‍ കൊലയാളികളെ സംരക്ഷിക്കാന്‍ ഏത് അറ്റം വരെയും ഈ സര്‍ക്കാര്‍ പോകും എന്നല്ലേ? ധൈര്യമായി മുന്നോട്ട് പൊയ്ക്കൊള്ളൂ, സര്‍ക്കാര്‍ ഒപ്പം ഉണ്ടെന്ന് അല്ലേ, ആ സന്ദേശം?
നികൃഷ്ട ജീവി എന്ന് ഒരു വൈദികനെ വിളിച്ചതാരാണ്? പരനാറി എന്ന് ഒരു രാഷ്ട്രീയ പ്രതിയോഗിയെ വിളിച്ചതാരാണ്? മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞതാര്? മാധ്യമ പ്രവര്‍ത്തകരെ പത്ര സമ്മേളനം വിളിച്ച് മുഖ്യമന്ത്രി അധിക്ഷേപിക്കുന്നു. ശിഷ്യന്മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ അവരെ തെറി വിളിക്കുന്നു. മുഖ്യമന്ത്രിയെ അനുകരിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ട് പിണറായി വിജയന്‍ തന്റെ ശൈലി മാറ്റാതെ കേരളത്തില്‍ ഹിംസാത്മകമായ അന്തരീക്ഷം മാറില്ല. അത് അദ്ദേഹത്തിനു മാറ്റാനും കഴിയില്ല. കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിലനിര്‍ത്തുന്ന അടിസ്ഥാന ഘടകം.. ഭയം ആണ്. ഭയപ്പെടുത്തി കൂടെ നിര്‍ത്തുക, ഭയപ്പെടുത്തി എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കുക, എതിരാളികളെ ഉന്മൂലനം ചെയ്യുക.
വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രമല്ല ഇവര്‍ വെട്ടിക്കൊന്ന ടിപി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയെ, പ്രവാസിയായ ആന്തൂരിലെ സാജന്റെ വിധവയെ എത്ര മനുഷ്യത്വമില്ലാത്ത തരത്തിലാണ് സിപിഎം സൈബര്‍ ഗുണ്ടകള്‍ വ്യക്തിഹത്യ ചെയ്തത്? അവര്‍ ചെയ്യുന്നതു കൊണ്ട് ഞങ്ങളും ചെയ്യുന്നു എന്ന് പറയുന്ന സിപിഎം സെക്രട്ടറിയെയാണ് ഇന്നലെ മുഖ്യമന്ത്രിക്കസേരയില്‍ കണ്ടത്.
മുഖ്യമന്ത്രിയുടെ സദാചാര പ്രസംഗം കേട്ടാല്‍ ആര്‍ക്കും ലജ്ജ തോന്നും. ചാരക്കേസിനെക്കുറിച്ചും നമ്പി നാരായണനെക്കുറിച്ചും ഇന്നലെ അദ്ദേഹം പറയുന്നത് കേട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഫലമാണ് ചാരക്കേസ് എന്നാണ് അദ്ദേഹം കണ്ടു പിടിച്ചിരിക്കുന്നത്. എന്നാല്‍ ചാരക്കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സി.പി.എം മുഖപത്രമായ ദേശാഭിമാനി ആണെന്നാണ് ആ പത്രം തന്നെ അഭിമാനപൂര്‍വ്വം അവകാശപ്പെടുന്നത്. ചാരക്കേസ് റിപ്പോര്‍ട്ടിംഗില്‍ ഏറ്റവും മുന്നില്‍ നിന്നതും ദേശാഭിമാനിയാണ്. രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറയുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ അസഭ്യം പറയുന്നതിന് പകരം മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത് സ്വന്തം ഓഫീസ് രാജ്യദ്രോഹികളുടെ താവളം ആക്കാതിരിക്കുകയായിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കേരളം പ്രതീക്ഷിച്ച മറുപടി, സൈബര്‍ ബുള്ളിയിങ് അവസാനിപ്പിക്കാനും അത്തരക്കാര്‍ക്കെതിരെ പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങളുമാണ്.
മുഖ്യമന്ത്രിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട നൂറോളം ഉദ്യോസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവിനെ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്ക് എതിരെ
നടപടിയെടുത്തത് നാമമാത്രമായാണ്. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് എനിക്ക് യു ഡി എഫ് പ്രവര്‍ത്തകരോട് പറയാനുള്ളത്. ഈ അഭ്യര്‍ത്ഥന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും നടത്തണം. അവര്‍ അത് അനുസരിച്ചാല്‍ ഈ പ്രശ്നം ഇവിടെ അവസാനിക്കും. അത് അദ്ദേഹം അടുത്ത പത്ര സമ്മേളനത്തിലെങ്കിലും പറയുമെന്ന് ഞാന്‍ കരുതുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.