കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട 13ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിക്കും.ശേഷം ഉപദേവതകളുടെ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയ്ക്കു സമീപം മേൽശാന്തി എത്തി, അഗ്‌നി പകർന്ന ശേഷമേ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കു. കുംഭം 1 ആയ ഫെബ്രുവരി 14 ന് പുലർച്ചെ നട തുറക്കും.തുടർന്ന് അഭിഷേകവും നെയ്യഭിഷേകവും ഉണ്ടാകും.ഉഷപൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ, ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവയും നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും.18 ന് രാത്രി 10 ന് ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്ക്കും.