മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പിണറായി വിജയനെയും ജനങ്ങള്‍ താരതമ്യപ്പെടുത്തട്ടെ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചണ്ടിയേയും പിണറായിയേയും ജനം വിലയിരുത്തും.
ഏതു പാവപ്പെട്ടവനും ഏതു അര്‍ദ്ധരാത്രിയിലും കടന്നുചെല്ലാന്‍ കഴിയുന്ന ഒരു മുഖ്യമന്ത്രിയുടെ വീടും ഓഫീസുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കാലത്ത്. ഒരു ഇരുമ്പു കോട്ടപോലെ സ്വന്തം പാര്‍ട്ടിക്കാരനും ഒരു എം എല്‍ എക്കും പോലും കടന്നുചെല്ലാന്‍ കഴിയാത്ത മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക വസതിയുമാണ് ഇന്നത്തെ മുഖ്യമന്ത്രിക്കുള്ളത്. ജനങ്ങള്‍ക്ക് അത് അറിയാം.
ഏത് അര്‍ദ്ധരാത്രിക്ക് വിളിച്ചാലും നേരെ ഫോണെടുക്കുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. നാലുവര്‍ഷക്കാലം നിങ്ങള്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ കേസ് നോക്കിയല്ലോ എന്തുപറ്റി. ഒരു പെറ്റിക്കേസ് എടുക്കാന്‍കഴിഞ്ഞോ. ഉമ്മന്‍ ചാണ്ടിക്കെതിരെ വളരെ മോശമായ ആരോപണങ്ങളാണ് ഇന്നത്തെ മുഖ്യമന്ത്രി സംസാരിച്ചു കൊണ്ടിരിക്കുന്നത്. എ കെ ബാലന്‍ എന്നു മന്ത്രിയെ നിങ്ങള്‍ ചുമതലപ്പെടുത്തിയല്ലോ. യു.ഡി.എഫ്. കാലത്തെ അഴിമതികളെപ്പറ്റി പഠിക്കാന്‍. എന്റെ ഫയലുകള്‍ മൂന്നു തവണ ഏ.കെ.ജി സെന്ററില്‍ കൊണ്ടുപോയി പരിശോധിച്ചില്ലേ എന്തുണ്ടായി.
നാലുവര്‍ഷം ഞങ്ങളെ വേട്ടയാടാന്‍ ശ്രമിച്ചിട്ട് എന്തെങ്കിലും ഒരു കടലാസ് കക്ഷണം കിട്ടിയോ. മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാല്‍ ഞങ്ങള്‍ എണ്ണിയെണ്ണി മറുപടി പറയും. ഇക്കാര്യത്തില്‍ സംശയംവേണ്ട. ഇത് ഒരു വെള്ളരിക്കാപ്പട്ടണമല്ല. ഇത് കേരളമാണ്. ഞങ്ങളെ അങ്ങനെ ഭയപ്പെടുത്തകയൊന്നും വേണ്ട. ഇനി നിങ്ങള്‍ക്ക് എട്ടോ ഒമ്പതോ മാസം ഉണ്ട്. എങ്കില്‍ ഞങ്ങള്‍ക്കെതിരെ നടപടി എടുക്ക്. എത്ര കേസ് ഉണ്ട് ഞങ്ങളുടെയൊക്കെ പേരില്‍. കെപിസിസി പ്രസിഡന്റായിരുന്ന ഭരണവുമായി ഒരു ബന്ധവുമില്ലാതിരുന്ന തന്റെ പേരില്‍പോലും സിബിഐ അന്വേഷണത്തിന് നിങ്ങള്‍ ഉത്തരവിട്ടില്ലേ. എവിടെ പോയി അന്വേഷണം. കൂടുതലായി ഞാന്‍ ഒന്നും പറയുന്നില്ല. യു.ഡി.എഫ്. ഭരണക്കാലത്തെ ഞങ്ങളുടെ ഭരണത്തെ സംബന്ധിച്ച് മുടിനാരുകീറി പരിശോധിച്ചിട്ട് എന്ത് കിട്ടി. നിങ്ങള്‍ക്ക് ഒരു ചുക്കും കിട്ടിയില്ല. എന്നിട്ട് പറയുന്നു എണ്ണിയെണ്ണി പറയുമെന്ന്.
കഴിഞ്ഞ കുറേ നാളുകളായി നിങ്ങള്‍ ഞങ്ങളെ വേട്ടയാടുന്നു. നിങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാല്‍ ഞങ്ങളും എണ്ണിയെണ്ണി മറുപടി പറയും മിസ്റ്റര്‍ പിണറായി വിജയന്‍. ഈ ഭീഷണിയൊന്നും വിലപോകാന്‍ പോകുന്നില്ല. എല്ലാ രീതിയിലും കേരളത്തെ കട്ടുമുടിക്കുന്ന ഈ സര്‍ക്കാരിന്റെ ചെയ്തികളെ ഞങ്ങള്‍ ഇനിയും തുറന്നുകാട്ടൂം. ഞങ്ങളെ എന്തുവേണമെങ്കിലും വിരട്ടിക്കോ എന്നാല്‍, പാവപ്പെട്ട മാധ്യമങ്ങളെ വിരട്ടികൂടെ നിര്‍ത്താമെന്ന് വിചാരിക്കണ്ട. ഇത് കേരളമാണെന്ന് പിണറായി മറന്നു പോകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.