ട്രഷറികളില്‍ തട്ടിപ്പ് മുമ്പും, പ്രതികളെ സഹായിച്ച് ‘ശിക്ഷ’

0

സംസ്ഥാനത്തെ ട്രഷറികളില്‍ മുമ്പും പലതവണ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സംഘടനകള്‍. എന്നാല്‍ ട്രഷറിയുടെ സല്‍പ്പേരിനെ ബാധിക്കുമെന്നതിനാല്‍ കേസുകള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും സംഘടനകള്‍ പറയുന്നു.

തട്ടിപ്പ് നടത്തിയവരെ കൊണ്ട് പണം തിരിച്ചടപ്പിക്കുകയും ചില സംഭവങ്ങളില്‍ സ്ഥലം മാറ്റുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സാധാരണക്കാരായ പലരുടേയും പണം ഇങ്ങനെ കവര്‍ന്നിട്ടുണ്ടോ എന്നും സംശയമുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ജില്ലാ ട്രഷറിയില്‍ അടക്കം 15 ലേറെ തവണ പണം തട്ടിയെന്ന് സിപിഐ സര്‍വീസ് സംഘടന ജോയിന്റ് കൗണ്‍സില്‍ പറഞ്ഞു.

ഒരാള്‍ക്ക് ഒറ്റക്ക് ട്രഷറിയില്‍ തട്ടിപ്പ് നടത്താന്‍ സാധാരണ കഴിയില്ലെന്നാണ് കരുതുന്നത്. അതായത് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അടക്കം സഹായം ലഭിക്കണം. തിരുവനന്തപുരത്ത് ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഇക്കാര്യം വ്യക്തമാണെന്നാണ് ട്രഷറിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇടതു സഹയാത്രികനും കമ്യൂണിസ്റ്റ് സൈബര്‍ പോരാളിയുമാണ് തിരുവനന്തപുരത്തെ രണ്ട് കോടി രൂപ തട്ടിപ്പ് നടത്തിയ ബിജുലാല്‍. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ സംശയമുണ്ടെന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ പറയുന്നത്. തിരുവനന്തപുരം കാട്ടാക്കട, ചങ്ങരംകുളം, തൃശൂര്‍, ചേലക്കര, കണ്ണൂര്‍ തുടങ്ങിയ പല ട്രഷറികളിലും തട്ടിപ്പ് നടന്നു. എന്നാല്‍ ഇവിടെയെല്ലാം ഇടതു സഹയാത്രികരായ പ്രതികളെ സഹായിക്കുന്ന നിലപാടായിരുന്നു. കാട്ടാക്കട ജില്ലാ ട്രഷറിയില്‍ വെട്ടിപ്പ് നടത്തിയയാളെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയായിരുന്നു ശിക്ഷ. കണ്ണൂരില്‍ സ്ഥാനക്കയറ്റം നല്‍കി.

ട്രഷറി തട്ടിപ്പുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ട്രഷറി ഡയറക്ടര്‍ എ എം ജാഫര്‍, വിജിലന്‍സ് ചുമതലയുള്ള ജോയിന്റ് ഡയറക്ടര്‍ വി സാജനേയും മാറ്റിനിര്‍ത്തി വേണം അന്വേഷണമെന്നും ആവശ്യപ്പെട്ടു.