കൊടിയേരി ബാലകൃഷ്ണൻ ഉൾപ്പെടുന്ന സി.പി.എം പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെ ബംഗാളിൽ രൂപീകരിച്ച സി.പി.എം-കോൺഗ്രസ് സഖ്യം കേരളത്തിലേക്കും വ്യാപിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയതലത്തിൽ നിലനിൽപ്പു നഷ്ടപ്പെട്ട സി.പി.എമ്മും കോൺഗ്രസും പിടിച്ചുനിൽക്കാൻ ഏത് അറ്റംവരെയും പോകും എന്നതിൻ്റെ ഉദ്ദാഹരണമാണ് ബംഗാളിലെ പരസ്യസഖ്യമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ബി.ജെ.പിയുടെ വളർച്ച മനസിലാക്കി കേരളത്തിലും സഖ്യം വ്യാപിപ്പിക്കാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എം-കോൺഗ്രസ് സഖ്യചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. മഞ്ചേശ്വരം,വട്ടിയൂർക്കാവ് മോഡൽ സംസ്ഥാന വ്യാപകമാക്കാനാണ് ശ്രമം. തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും മുസ്ലിംലീഗ് ഒപ്പം കൂട്ടുന്നതും ബി.ജെ.പി വിരോധത്തിൻ്റെ പേരിലാണ്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് ആർ.എസ്.എസ് ബന്ധത്തിൻ്റെ പേരിൽ കൊടിയേരിയും ചെന്നിത്തലയും പരസ്പരം ആരോപണം ഉന്നയിക്കുന്നത്.
രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണം അട്ടിമറിച്ചത് ഇടതു സർക്കാരിൻ്റെ കാലത്തായിരുന്നു. ചെന്നിത്തലയെ എല്ലാകാലത്തും രക്ഷപ്പെടുത്തിയത് സി.പി.എം സർക്കാരുകളാണ്. ടി.പി വധക്കേസിൽ സി.പി.എമ്മിൻ്റെ ഉന്നതർ രക്ഷപ്പെട്ടത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നതു കൊണ്ട് മാത്രമാണ്. കൊടിയേരി കണ്ണടച്ച് പാലുകുടിച്ചാൽ സത്യം ആരും അറിയില്ലെന്ന് ധരിക്കരുതെന്നും സുരേന്ദ്രൻ പരിഹസിച്ചു.