സിപിഎമ്മിനെ പരിഹസിച്ച് ഉമ്മന്‍ചാണ്ടി

0

എന്തിനേയും എതിര്‍ക്കുക, സമരത്തിന്റെ പേരില്‍ എല്ലാം തല്ലിത്തകര്‍ക്കുക അധികാരത്തില്‍ വരുമ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി നടപ്പാക്കല്‍, സിപിഎമ്മിനെ കളിയാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ആദ്യമായി മൂന്ന് എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയതില്‍ സിപിഎമ്മിനേയും സര്‍ക്കാരിനേയും പരിഹസിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

എന്തിനേയും എതിര്‍ക്കുകയും അക്രമ സമരം നടത്തുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്യുകയാണ് സിപിഎം രീതി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് നല്‍കിയ സ്വയംഭരണ പദവി. യുഡിഎഫ് കാലത്ത് സിപിഎം അനുകൂല അധ്യാപക സംഘടനയുടെ കൂടി പങ്കാളിത്തത്തോടെയായിരുന്നു സമരം നടത്തിയത്. യുജിസിയുടെ പരിശോധന പോലും തടയാന്‍ ശ്രമിച്ചു.

സ്വയംഭരണാവകാശ കോളേജുകള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്തുകയും സമരം നടത്തുകയും ചെയ്തവര്‍ പിന്നീട് ഭരണത്തില്‍ വന്നപ്പോള്‍ സ്വയംഭരണാവകാശ കോളേജുകള്‍ അനുവദിച്ചു.

ട്രാക്ടര്‍ വിരുദ്ധ സമരം, കമ്പ്യൂട്ടര്‍ വിരുദ്ധ സമരം, വേള്‍ഡ് ബാങ്ക്, എഡിബി ബാങ്ക് തുടങ്ങിയ അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ വാങ്ങുന്നതിന് എതിരെയുള്ള സമരം അങ്ങനെ എത്രയോ അനാവശ്യ സമരങ്ങളാണ് ഇടതുപക്ഷം നടത്തിയത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎം നയം മാറ്റുമ്പോഴേക്കും നമുക്ക് വലിയ നഷ്ടം സംഭവിച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.