എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി സുഭാഷ് വാസു. തുഷാറിന് ഹവാല, തീവ്രവാദ ബന്ധമുണ്ട്. ഇതേകുറിച്ച് എന്‍ഐഎയോ സിബിഐയോ അന്വഷിക്കണമെന്നും സുഭാഷ് വാസു ആവശ്യപ്പെട്ടു.
ഹവാല പണം കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോയിട്ടുണ്ടോ എന്നറിയാന്‍ തുഷാറിന്റേയും സഹോദരിയുടേയും 20 വര്‍ഷത്തെ സ്വദേശ, വിദേശ അക്കൗണ്ടുകള്‍ പരിശോധിക്കണം. ആത്മഹത്യ ചെയ്ത കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ സത്യസന്ധനും മാതൃകാ യൂണിയന്‍ സെക്രട്ടറിയുമായിരുന്നു. ശ്രീകണ്ഠശ്വരം, കണിച്ചുകുളങ്ങര സ്‌കൂളുകളിലെ നിയമനം, മൈക്രോഫിനാന്‍സ് എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ തുകയും തുഷാര്‍ വെള്ളപ്പള്ളി വാങ്ങികൊണ്ടു പോയെന്ന് മഹേശന്‍ പറഞ്ഞിരുന്നു.
വണ്ടന്‍മേട്ടില്‍ 45 ഏക്കര്‍ ഏലത്തോട്ടം 10.8 കോടി രൂപക്ക് തുഷാര്‍ മകന്റെ പേരില്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ 9 കോടി രൂപ കള്ളപ്പണമാണ്. നോട്ട് നിരോധന കാലത്ത് പാലാരിവട്ടത്തെ ജ്വല്ലറിയില്‍ 5.5 കോടി രൂപയുടെ നിരോധിത നോട്ട് നല്‍കി സ്വര്‍ണം വാങ്ങി. ഐഎസ് ബന്ധം സംശയിക്കുന്ന ഇറാന്‍ സ്വദേശിനിയെ ബംഗളുരുവില്‍ ഫ്‌ലാറ്റില്‍ താമസിപ്പിച്ചു. അമേരിക്കയിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്ന തുഷാര്‍ അതിനായി പണമെല്ലാം അങ്ങോട്ട് മാറ്റുകയാണ്. തുഷാറിന്റെ പാസ്‌പോര്‍ട്ട് ഉടന്‍ കണ്ടുകെട്ടണം.
പിന്നാക്ക വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട 15 കോടിയുടെ തട്ടിപ്പ് കേസില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. ചേര്‍ത്തലയിലെ ഹോട്ടലിന്റെ ആസ്തി, എസ്എസ്എല്‍സി ബുക്ക് വ്യാജമാണോ എന്നീ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും സുഭാഷ് വാസു പറഞ്ഞു.