സ്വര്‍ണകള്ളക്കടത്ത് കേസില്‍ മലപ്പുറം സ്വദേശി കെ പി റമീസ് മുഖ്യകണ്ണിയെന്ന് എന്‍ഐഎ. ലോക്ക് ഡൗണ്‍ സമയത്ത് പരമാവധി സ്വര്‍ണം കടത്താനുള്ള പദ്ധതി തയ്യാറാക്കിയതും തങ്ങളെ പ്രേരിപ്പിച്ചതും റമീസാണെന്ന് സ്വപ്‌നയുടേയും സന്ദീപിന്റേയും മൊഴി. വിദേശത്തും കേരളത്തിലും വേരുകളുള്ള വലിയൊരു കള്ളക്കടത്ത് ശൃംഖല തന്നെ റമീസിന് പിന്നിലുണ്ടെന്നും എന്‍ഐഎ. സ്വപ്‌നയേയും സന്ദീപ് നായരേയും കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഉള്ള റമീസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് എന്‍ഐഎ. സ്വപ്‌നയേയും സന്ദീപ് നായരേയും കസ്റ്റഡിയില്‍ തരണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു.
സ്വപ്‌നയുടെ 6 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ്‌ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ ഇവയില്‍ നിന്ന് ലഭിച്ചെന്നാണ് വിവരം. നശിപ്പിച്ച ടെലഗ്രാം ചാറ്റുകള്‍ സിഡാക്കിന്റെ സഹായത്തോടെ വീണ്ടെടുത്തിട്ടുണ്ട്. സ്വപ്‌ന സുരേഷിന് വന്‍ സമ്പാദ്യമുണ്ട്. കേസില്‍ നിരവധി ഉന്നതരെ ഇനിയും പിടികിട്ടാമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ പറയുന്നു.