സ്വര്‍ണകള്ളക്കടത്ത് അടക്കമുള്ള നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ആദര്‍ശ രാഷ്ട്രീയം സദാസമയം പറയുന്ന സിപിഎം കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. യുഎഇ കോണ്‍സുലര്‍ ജനറലിന് ഗണ്‍മാനെ നല്‍കിയത് സ്വാര്‍ത്ഥ താല്‍പ്പര്യ പ്രകാരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രണ്ട് പ്രധാന വകുപ്പുകളാണ് ആഭ്യന്തരവും ഐടിയും. ഈ രണ്ട് വകുപ്പുകള്‍ക്കെതിരാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ളവര്‍ അന്വേഷണ പരിധിയിലാണ്. ഐടി വകുപ്പിലെ നൂറു കണക്കിന് നിയമനങ്ങള്‍ അഴിമതിയും സ്വജനപക്ഷപാതവുമാണ്. ഇക്കാര്യങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
യുഎഇ കോണ്‍സുലേറ്റിന് സുരക്ഷ നല്‍കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചത്. എന്നാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഈ നിര്‍ദേശം മറികടന്ന് കോണ്‍സുലര്‍ ജനറലിന് ഗണ്‍മാനെ നല്‍കി. ഇദ്ദേഹത്തിന്റെ നിയമനവും നടപടികളും ആരോപണത്തിലാണ്. ഇതെല്ലാം മുഖ്യമന്ത്രി അറിയാതെ ആണ് എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.
മന്ത്രി കെ ടി ജലീല്‍ രക്ഷപ്പെടാന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണ്. വിശ്വാസികള്‍ക്ക് ഇക്കാര്യം മനസ്സിലാവും. നോമ്പും ജലീലിന്റെ വിളികളും തമ്മില്‍ ബന്ധമില്ല. എന്നാല്‍ രക്ഷപ്പെടാനായി വര്‍ഗീയ കാര്‍ഡ് ഇറക്കുന്ന ജലീലിനെ ജനങ്ങള്‍ക്ക് മനസ്സിലാവും. മുമ്പും വര്‍ഗിയത ഇറക്കി വിജയിച്ചയാളാണ് ജലീലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.