HomeLatest Newsഇസ്ലാമിക നിയമങ്ങള്‍ മാറ്റാന്‍ സുഡാന്‍

ഇസ്ലാമിക നിയമങ്ങള്‍ മാറ്റാന്‍ സുഡാന്‍

രാജ്യത്തെ ഇസ്ലാമിക നിയമങ്ങള്‍ മാറ്റി ജനങ്ങളുടെ ആവകാശങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍. 30 വര്‍ഷത്തോളം പഴക്കമുള്ള ഇസ്ലാമിക നിയമങ്ങള്‍ക്ക് മാറ്റം വരുത്തുകയാണ് സുഡാന്‍.

ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും ഇതര മതസ്ഥര്‍ക്കും സ്വാതന്ത്ര്യം അനുവദിക്കും. സ്ത്രീകളിലെ നിര്‍ബന്ധിത ചേലാകര്‍മം നിരോധിച്ചു. ലോകത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും സ്ത്രീ സംഘടനകളുടേയും കാലങ്ങളായുള്ള ആവശ്യമായിരുന്നു അത്. പുരുഷന്റെ കൂടെയല്ലാതെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പാടില്ലെന്ന നിയമവും ഇനി പ്രാബല്യത്തില്‍ ഉണ്ടാവില്ല.

മുസ്ലീം ഇതര മതസ്ഥര്‍ക്ക് മദ്യപിക്കാനും ഇനി കഴിയും. മുസ്ലീങ്ങള്‍ക്കുള്ള വിലക്ക് തുടരും. രാജ്യത്തെ മൂന്ന് ശതമാനം ഉള്ള ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കും. ഇസ്ലാം മതം ഉപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമവും ഇനി ഉണ്ടാകില്ല. കുറ്റങ്ങള്‍ക്ക് ചാട്ടവാറടി നല്‍കലും ഇനിയില്ലെന്ന് നിയമമന്ത്രി നസ്‌റിദീന്‍ അബ്ദുല്‍ബരി അറിയിച്ചു.

30 വര്‍ഷം സുഡാന്‍ ഭരിച്ച ഒമര്‍ അല്‍ ബാഷിറിനെ ജനകീയ പ്രക്ഷോഭത്തില്‍ ആണ് മാറ്റിയത്. തുടര്‍ന്ന് വന്ന സര്‍ക്കാര്‍ വിവിധ അവകാശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന നടപടികള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ബാഷിറിന് അഴിമതി ആരോപണത്തില്‍ രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. വംശഹത്യ, യുദ്ധകുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വിചാരണകള്‍ പുരോഗമിക്കുകയാണ്.

Most Popular

Recent Comments