സ്വര്‍ണകള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. കോവിഡ് കാലമായതിനാല്‍ ഇവരെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റുക. സ്വപ്നയെ തൃശൂരിലേയും സന്ദീപിനെ കറുകുറ്റിയിലെയും നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് മാറ്റുക.
കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍ഐഎ അപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല. കോവിഡ് നെഗറ്റീവ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കില്‍ വീണ്ടും ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി അപ്പോള്‍ കസ്റ്റഡി അപേക്ഷ പരിഗണിക്കാമെന്നും പറഞ്ഞു. ഇന്ന് ബംഗളുരുവില്‍ നിന്ന് വരും വഴി ആലുവയിലെ ആശുപത്രിയില്‍ കയറി ഇരുവര്‍ക്കും കോവിഡ് സ്രവ പരിശോധന നടത്തിയിരുന്നു.
ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ക്കായി അഭിഭാഷകര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ കോടതി നിര്‍ദേശപ്രകാരം വിജയം എന്ന അഭിഭാഷകയാണ് ഹാജരായത്. കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ നിന്നുള്ള അഭിഭാഷകയാണ് വിജയം.
പ്രതിയായ സന്ദീപ് നായര്‍ക്ക് ലിവര്‍ സിറോസിസ് ഉണ്ടെന്നും അതിനാല്‍ മരുന്ന് വേണമെന്നും വിജയം കോടതിയോട് അഭ്യര്‍ഥിച്ചു. അതുപോലെ സ്വപ്‌നയ്ക്ക് ധ്യാനത്തിനും യോഗയ്ക്കും അവസരം നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ഇത് അനുവദിച്ച കോടതി ആവശ്യമായ മരുന്നുകളും സൗകര്യങ്ങളും നല്‍കണമെന്ന് എന്‍ഐഎയോട് നിര്‍ദേശിച്ചു.