തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷ് പിടിയില്‍. ബംഗളുരുവില്‍ നിന്നാണ് പിടിച്ചതെന്നാണ് വാര്‍ത്തകള്‍. സന്ദീപ് നായരും പിടിയിലായതായി സൂചന. നാളെ ഇവരെ കൊച്ചിയിലേക്ക് കൊണ്ടുവരും എന്നാണ് അറിയുന്നത്. എന്‍ഐഎ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ പിടികൂടിയതായി എന്‍ഐഎ സംഘം കസ്റ്റംസിനെ ഔദ്യോഗികമായി അറിയിച്ചു.
ഇരുവരുടേയും അറസ്‌റ്റോടെ സ്വര്‍ണക്കടത്ത് കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. കേസില്‍ സരിത്ത് കുമാര്‍ ഒന്നാംപ്രതിയും സ്വപ്‌ന സുരേഷ് രണ്ടാം പ്രതിയുമാണ്. സന്ദീപ് നായര്‍ കേസില്‍ നാലാം പ്രതിയുമാണ്.
സ്വപ്‌നയോടൊപ്പം ഭര്‍ത്താവും രണ്ട് മക്കളും ഉണ്ട് എന്നാണറിവ്. മധുരൈയില്‍ നിന്നുള്ള കസ്റ്റംസ് സംഘം, ബംഗളുരു പൊലീസ് എന്നിവരുടെ സഹായത്തോടെയാണ് എന്‍ഐഎ സംഘം ഇവരെ പിടിച്ചതെന്നാണ് സൂചന. പ്രതികള്‍ കീഴടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നും വിവരമുണ്ട്.
എന്നാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് നിന്ന് എങ്ങനെയാണ് സ്വപ്‌നയും സന്ദീപും ബംഗളുരുവില്‍ എത്തിയതെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദിച്ചു. ഇക്കാര്യത്തിന് ഉന്നതരില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്ക് കൂടുതല്‍ വ്യക്തമാവുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വപ്‌ന കേരളം വിട്ടത് എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ശബരീനാഥ് എല്‍എഎ ആവശ്യപ്പെട്ടു.