വീണ്ടും സൂപ്പര്‍ ഓവര്‍. വീണ്ടുംപരമ്പരയിലെ തുടര്‍ച്ചയായ നാലാം മല്സരത്തിലും വിജയവുമായി ഇന്ത്യ ന്യൂസിലന്‍റിന് എതിരെയുള്ള ട്വന്‍റി 20 പരമ്പരയില്‍ 4-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മുന്‍നിര ബാറ്റ്സ്മാന്‍മാരില്‍ ഭൂരിഭാഗവും നിരാശപ്പെടുത്തിയ മല്സരത്തില്‍ മനീഷ് പാണ്ഡെയും കെഎല്‍രാഹുലും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. രാഹുല്‍39ഉം മനീഷ് പാണ്ഡെ 50ഉം റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍റ് ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്കെന്ന പ്രതീതി ഉയര്‍ത്തി. ആറ് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ആറ് റണ്‍സ് മാത്രം മതിയായിരുന്നു ന്യൂസിലന്‍റിന് ജയിക്കാന്‍. എന്നാല്‍ അവസാന ഓവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ശാര്‍ദ്ദൂല്‍ഥാക്കൂറിന്‍റെ പ്രകടനവും ബാറ്റ്സ്മാന്‍മാരുടെ മോശം ഷോട്ടുകളും ന്യൂസിലന്‍റ് ഇന്നിങ്സ് 165 റണ്‍സില്‍ തന്നെ അവസാനിപ്പിച്ചു. ഇതോടെ മല്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍റ് 13 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നില്ക്കെ ലക്ഷ്യത്തിലുമെത്തി.