ബംഗാളിലെ സിപിഎം സമരം കാണുന്നില്ലേ

0

സംസ്ഥാന അന്വേഷണം ഇല്ലാത്തത് സ്വപ്‌നയെയും ശിവശങ്കരേയും സംരക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ അന്വേഷണം വന്നാല്‍ വ്യാജ രേഖകളിലേക്കും എത്തും.

മുഖ്യമന്ത്രിയും പൊലീസും ശ്രമിക്കുന്നത് കുറ്റവാളികളെ രക്ഷിക്കാന്‍. ഡിജിപി അന്വേഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ മറ്റ് നിയമവഴികളിലേക്ക് നീങ്ങും.

പ്രതിപക്ഷം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നു എന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ ആരോപണം സത്യവിരുദ്ധം. നിയന്ത്രണങ്ങള്‍ പാലിച്ചുമാത്രമേ ഞങ്ങള്‍ സമരം നടത്തിയിട്ടുള്ളൂ. ഇതില്‍ പാളിച്ച ഉണ്ടെങ്കില്‍ തിരുത്തും. അല്ലാതെ പശ്ചിമബംഗാളില്‍ സിപിഎം നടത്തുന്ന സമരം പോലല്ല. അവിടെ കോവിഡ് ഇല്ലേ. അവിടുത്തെ സമരം കാണുന്നില്ലേ മുഖ്യമന്ത്രി.

കേരളത്തെ ഞെട്ടിച്ച സംഭവമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിസന്‍സിപ്പല്‍ സെക്രട്ടറി നേരിട്ട് സ്വര്‍ണകള്ളക്കടത്ത് പ്രതികളുമായി ബന്ധപ്പെടുന്നു. എന്നിട്ടും യാതൊരു അന്വേഷണവുമില്ല. പ്രതിഷേധിക്കുന്നവരെ തല്ലിച്ചതക്കുകയാണ് പൊലീസ്. ബഹുജന രോഷം കണ്ടില്ലെന്ന് നടിക്കാനാകില്ല. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ സമരക്കാരെ തല്ലിച്ചതക്കാമെന്ന് കരുതേണ്ട.

നേതാക്കള്‍ക്ക് ബോധമില്ലെങ്കില്‍ അണികളെങ്കിലും മനസ്സിലാക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത്രയും തരം താഴരുത് മുഖ്യമന്ത്രി. ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. ജനരോഷം കോവിഡിന്റെ പേരില്‍ തകര്‍ക്കാമെന്ന് വിചാരിക്കണ്ട. പ്രതിപക്ഷമാണ് ശരിയെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.