HomeLatest Newsലോക വ്യാപാര സംഘടന അകാല മരണത്തിലേക്കോ

ലോക വ്യാപാര സംഘടന അകാല മരണത്തിലേക്കോ

നാളിതുവരെ ലോക വ്യാപാര സംഘടന(wto)യെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞുനിന്നിരുന്നത് അതിന്റെ മന്ത്രിതല സമ്മേളനങ്ങളോടു അനുബന്ധിച്ചാണ് .രണ്ടു വർഷത്തിൽ ഒരിക്കൽ നടന്നിരുന്ന മന്ത്രിതല സമ്മേളനം ഒരിക്കലും സമവായത്തിലല്ല പിരിഞ്ഞിരുന്നതും . ആഗോളവല്കരണ വിരുദ്ധരുടെ പ്രധാന സമര വേദികൂടിയായിരുന്നു മന്ത്രിതല സമ്മേളനങ്ങൾ .അതുകൊണ്ടാണ് ദോഹ ഉച്ചകോടി , കാന്കൂൻ സമ്മേളനം ,ജനീവ ചർച്ചകൾ എന്നിവയൊക്കെ കാർഷിക സബ്സിഡിയുമായി ബന്ധപ്പെട്ട കരാറുകളിലെലെല്ലാം നിറഞ്ഞു നില്കുന്നത് .എന്നാൽ ഇപ്പോൾ ലോകം വ്യാപാരവുമായി ബന്ധപെട്ടു പ്രധാനമായും ചർച്ച ചെയ്യുന്നത് മറ്റൊന്നാണ് .

പുതുവർഷത്തിൽ ലോക വ്യാപാര സംഘടന(wto) ഉണ്ടാകുമോ ഇല്ലയോ എന്നതാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത് . ലോക വ്യാപാരം പുഷ്ടിപ്പെടുത്തുന്നതിനായി 1995 ജനുവരി 1 മുതൽ പ്രവർത്തിച്ചു വരുന്ന സംഘടനക്ക് അകാല ചരമമാണ്‌ അമേരിക്കയും ട്രംപും കുറിച്ചുവച്ചിരിക്കുന്നത്.സംഘടനയുടെ ഏറ്റവും വലിയ സംവിധാനനങ്ങളിൽ ഒന്നായ പ്രശ്ന പരിഹാര വേദിക്കു (DSB ) താഴിട്ടിരിക്കുകയാണ് ഇപ്പോൾ ട്രംപ് ഭരണകൂടം. ഏഴു അംഗങ്ങളുള്ള DSB ലോക വ്യാപാര സംഘടനയെ അതിന്റെ മുൻഗാമിയായ GATT ഇൽ നിന്നും വ്യതിരിക്തമായി നിർത്തുന്നതായിരുന്നു .

രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ബ്രെട്ടൻവുഡ്‌സ് ഉച്ചകോടിയിൽ ജെ എം കെയിൻസ് എന്ന സാമ്പത്തികശാസ്ത്രജ്ഞൻ മുന്നോട്ടു വച്ച ആശയമാണ് ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള ഒരു സംവിധാനം . ലോകബാങ്ക് ,അന്തരാഷ്ട്ര നാണയ നിധി എന്നിവ 1945 ഇൽ തന്നെ നിലവിൽ വന്നു .എന്നാൽ ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള സംവിധാനം 1947 ഇൽ മാത്രമാണ് ഗാട്ട് എന്ന പേരിൽ നിലവിൽ വന്നത് . GATT ഇൽ തർക്ക പരിഹാരത്തിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല .1984 മുതൽ 1994 വരെ നടന്ന URUGUAY വട്ട ച്ര്ച്ചകളുടെ അടിസ്ഥാനത്തിലാണ് ഗാട്ട്നു പകരമായി ലോകവ്യപാര സംഘടനാ രൂപവല്കരിക്കാൻ തീരുമാനിച്ചത് . ജനീവ ആസ്ഥാനമായി രൂപവല്കരിച്ച ലോകവ്യപാരസംഘടനയിൽ ഇപ്പോൾ 164 അംഗങ്ങൾ ഉള്ളത് .ചരക്കു വ്യാപാരങ്ങൾ ആണ് പ്രധാനമായും ഗാട്ട് നിയത്രിച്ചരുന്നതെങ്കിൽ ലോകവ്യാപാര സംഘടനാ പ്രധാനമായും നിയന്ത്രിക്കുന്നത് സേവനങ്ങൾ ,ബൗദ്ധിക സ്വത്തു അവകാശങ്ങൾ മുതലായവ ആണ് .

തർക്ക പരിഹാര വേദിയിൽ ഏഴു അംഗങ്ങൾ ആണുള്ളത് .ഇതിൽ അഞ്ചു പേരെയും കൊടുക്കേണ്ടത് അമേരിക്കയാണ് . ഒഴിവു വന്ന ഒരു പദവി പോലും നികത്തേണ്ടതില്ല എന്നതാണ് ട്രംപിന്റെ തീരുമാനം . ലോകവ്യാപാര സംഘടനയുടെ കിരീടം എന്നാണ് പ്രശനപരിഹാര വേദി അറിയപ്പെടുന്നത് .ആ കിരീടം തച്ചുടച്ചാൽ മെച്ചം അമേരിക്കക്കല്ലാതെ മറ്റാർക്കും അല്ല . ഇപ്പോൾ ഒരു അംഗമായി ചുരുങ്ങിയ പ്രശ്ന പരിഹാര വേദിയുടെ അഭാവത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള വ്യപാര യുദ്ധങ്ങളൂം തർക്കങ്ങളും എങ്ങനെ പരിഹരിക്കപ്പെടും എന്നറിയാതെ ഉഴലുകയാണ് അമേരിക്ക ഒഴിച്ചുള്ള അംഗ രാജ്യങ്ങൾ .ലോക വ്യാപാരത്തിന്റെ കേവലം രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതം .എന്നാൽ നാളിതു വരെ മറ്റു ലോക രാജ്യങ്ങൾ മുപ്പതിലധികം തർക്കങ്ങൾ ഇന്ത്യയുമായി ഉള്ളത് പ്രശന പരിഹാര വേദിക്കു മുൻപാകെ എത്തിയിട്ടുണ്ട് . ഇ യു,അമേരിക്ക ,തായ്‌വാൻ , ബ്രസീൽ ,ജപ്പാൻ ,ആഫ്രിക്ക ,അർജന്റീന,തുർക്കി,ഓസ്ട്രേലിയ ,ഗട്ടിമാല തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യക്കു വ്യാപാര തർക്കങ്ങൾ ഉണ്ട് .ഇതൊക്കെ ഇനി ഏതു നിലക്ക് പരിഹരിക്കപ്പെടുമെന്നറിയാതെ വലയുകയാണ് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം ഇപ്പോൾ .

പ്രശ്ന പരിഹാര വേദിക്കു (DSB ) മുൻമ്പാകെ 592 തർക്കങ്ങൾക്ക് നാളിതു വരെ പരിഹാരം കണ്ടിട്ടുണ്ട്. Two former members — former commerce secretary എ വി ഗണേശൻ , ഉജാൽ സിംഗ് ഭാട്ടിയ എന്നി രണ്ടു ഇന്ത്യക്കാർ പ്രശ്ന പരിഹാര വേദി (DSB ) യിൽ അംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തില് അമേരിക്കൻ തൻപോരിമയാണ് ഇപ്പോളത്തെ WTO പ്രതിസന്ധിയുടെ മൂലകാരണം .അമേരിക്ക ആദ്യം എന്ന ട്രംപ് നയം നടപ്പിലാക്കുന്നതിലെ വിലങ്ങുതടി ആയതാണ് wto ക്കു ചരമകുറിപ്പെഴുതാൻ ഇപ്പോൾ അവർ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അമേരിക്കൻ പരുത്തി വ്യവസായികൾ ബ്രസീലിയൻ വ്യവസായികൾക്കെതിരെ നടത്തിയ വ്യവഹാരത്തിൽ തോൽവി ആയിരുന്നു അമേരിക്കക്ക്‌. ഏതായാലും ചൈനയുമായുള്ള വ്യപാരയുദ്ധം അവസാനിപ്പിച് ഒരടി മുമ്പോട്ടു പോയിട്ടിട്ടുണ്ട് ട്രംപ് ഇപ്പോൾ . പ്രശ്ന പരിഹാര വേദിക്കു (DSB )ക്കു മുൻപാകെ എത്തിയ ഭൂരിഭാഗം കേസുകളിലും അമേരിക്കക്കു അനുകൂലമായാണ് വിധി വന്നിട്ടുള്ളതെന്നാണ് വാസ്തവം. അടുത്തകാലത്തുതന്നെ അമേരിക്കൻ ബോയിങ് കമ്പനിക്കനുകൂലമായി നെതെർലാൻഡ് കമ്പനിയായ എയർ ബസിനെതിരായി ഒരു വിധി വന്നതും എടുത്തു പറയേണ്ടതാണ് .

പ്രശ്ന പരിഹാര വേദിക്കു (DSB ) മുൻപാകെ ലോകവ്യാപാര സംഘടനയുടെ കീഴിലുള്ള ബോക്സ് മെക്കാനിസം വലിയൊരു കീറാമുട്ടിയായിരിന്നു .ബ്ലൂ ബോക്സ് ,ഗ്രീൻ ബോക്സ് ,ആംബർ ബോക്സ് എന്നിങ്ങനെയുള്ള സബ്സിഡിയുമായി ബന്ധപ്പെട്ട നിബന്ധനകൾ വ്യാഖ്യാനിച്ചു വികസിത രാജ്യങ്ങൾക്കു അനുകൂലമാക്കി മാറ്റുന്നു എന്നൊരു ആരോപണം തുടക്കം മുതല്ക്കേ ഉണ്ടായിരുന്നു .ഇതിനൊക്കെ പുറമേ ബൗദ്ധിക സ്വത്തവകാശങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളും പൊതിയാ തേങ്ങയായി തുടരുക തന്നെയാണ് .കോപ്പി റൈറ്റ് ,പേറ്റൻറ്,ട്രേഡ് മാർക്ക് ,ട്രേഡ് SECRAT ,ഭൗമ സൂചിക ,സോഫ്റ്റ്‌വെയർ തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ട്രിപ്‌സ് എന്നൊരു കരാറും ലോകവ്യാപാര സംഘടനയിൽ ഉണ്ട് .എന്നാൽ ഇതെല്ലം വികസിത രാജ്യങ്ങൾക്കു വേണ്ടിയുള്ളതെന്നാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ നിലപാട് .

ഇതിനിടെയാണ് മലേഷ്യയുമായി ഒരു പാമോയിൽ യുദ്ധത്തിൽ ഇന്ത്യ ഏർപ്പെട്ടിരിക്കുന്നത് .കാശ്മീർ വിഷയത്തിൽ പാകിസ്താനാനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതി നിർത്തിവച്ചിരിക്കുന്നതു വ്യാപാര നിയമങ്ങൾ ക്ക് എതിരാണ് . ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വിപണി . മലേഷ്യയും ഇന്തോനേഷ്യയും വലിയ ഉല്പാദകരും കയറ്റുമതിക്കാരുമാണ് ഈ രംഗത്ത് . മലേഷ്യയുടെ വിദേശ നാണ്യത്തിൻറെ വലിയൊരു പങ്കും വരുന്നത് ഇന്ത്യൻ വിപണിയിൽ നിന്നാണ് . ആ രാജ്യത്തെ പാമോയിൽ കർഷകർ ഇന്ത്യൻ ഉപരോധം കാരണം വലിയ ദുരിതത്തിലാണ്.

അന്തർദേശീയ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന സംഘടന(ഐഎംഒ) ചില പുതിയ പരിതസ്ഥിതി നിയമങ്ങൾ ചരക്കു കടത്തിനുപയോഗിക്കുന്ന കപ്പലുകളിൽ ബാധകമാക്കിയത് ഇന്ത്യക്കും വലിയ തിരിച്ചടി ആയിരിക്കുകയാണ് . ആഗോള വ്യാപാരത്തിന്റെ 90 ശതമാനവും നടക്കുന്നത് കപ്പൽ വഴിയാണ് . മൊത്തം ലോക വ്യാപാര മൂല്യത്തിന്റെ 80ശതമാനത്തിലധികം നടക്കുന്നതും കടൽ മാർഗമാണ് . ലണ്ടൻ ആസ്ഥാനമായ ഐഎംഒ വികസിത രാജ്യങ്ങളിലെ കപ്പൽ കമ്പനികൾക്ക് വേണ്ടി നിയമം ഉണ്ടാക്കുന്നു എന്നൊരു വാദം ഇന്ത്യ ഇതിനകം ഉന്നയിച്ചിട്ടുണ്ട് .

ഇതിനൊക്കെ പുറമെയാണ് ചൈന -അമേരിക്ക വ്യപാര യുദ്ധം ,അമേരിക്ക -ഫ്രാൻസ് വ്യാപാര തർക്കങ്ങൾ , ഇ .യു-ഇന്തോനേഷ്യയും തമ്മിലുള്ള പാമോലിൻ കയറ്റുമതി -ഇറക്കുമതി പ്രശനം , ഇന്ത്യയും അമേരിക്കയുമായുള്ള തീരുവയെ ചൊല്ലിയുള്ള തർക്കങ്ങൾ തുടങ്ങിയവ പരിഹാരം ഒന്നുമില്ലാതെ അനന്തം ആയി നീങ്ങിയേക്കമോ എന്ന ആശങ്കകളും.2019 ഡിസംബർ 10 നു പ്രശ്ന പരിഹാര വേദിക്കു (DSB ) താഴിട്ടു കഴിഞ്ഞിരിക്കുന്നു . പുതു വർഷ പുലരിയിൽ ലോകവ്യാപാര സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചാലും അത്ഭുത പെടേണ്ടതില്ല .സെന്റർ വില്യം റഹപ്പാർട് എന്ന ജനീവ നദിക്കരയിലെ WTO ആസ്ഥാനത്തു നിന്ന് ചരമഗാനം ആണോ ഉയരുകയെന്നു വൈകാതെ നമുക്കറിയാം . റോബർട്ടോ അസവദ എന്ന സെക്രട്ടറി ജനറൽ പാശ്ചാത്യലോകത്തു മൃത സംസ്കാരത്തിന് അണിയാറുള്ള കറുത്ത ടൈ അണിയുന്നതാവും ഇനി നല്ലതെന്നാണ് WTO നിരീക്ഷകർ ഇപ്പോൾ പറയുന്നത് .

ഡോ. സന്തോഷ് മാത്യു , അസി. പ്രൊഫസർ സെൻട്രൽ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി

Most Popular

Recent Comments