ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ദില്ലിയിലെ തെരെഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയെപോലും നിർത്താത്തവർ ഫലം വരുന്ന ദിവസം വലിയ വായില്‍ ബഡായി വിടരുതെന്ന് മുന്‍കൂറായി ഓര്‍മിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. സിഎഎ വിരുദ്ധ സമരത്തിന്‍റെ മുന്നണിയിലുണ്ടെന്ന് അവകാശവാദമുന്നയിക്കുന്നവര്‍ ദില്ലി തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്തിയില്ല. അവര്‍ക്ക് എത്ര ജനപിന്തുണയുണ്ടെന്ന് പരിശോധിക്കാനുള്ള അവസരമായിരുന്നില്ലേ. തോല്‍ക്കുമെന്നറിഞ്ഞിട്ടും 1959 മുതല്‍ ജനസംഘവും ബിജെപിയും കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിച്ചില്ലേ ? 17 -ാമത്തെ തെരഞ്ഞെടുപ്പിലല്ലേ ഒ രാജഗോപാല്‍ കേരളത്തില്‍ ജയിച്ചതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. 10000 രൂപയും പത്ത് വോട്ടര്‍മാരുമുണ്ടെങ്കില്‍ ആര്‍ക്കും മത്സരിക്കാം. സിപിഎം നേതാക്കള്‍ ആര്‍ക്കാണ് വോട്ട് ചെയ്തത്.സായുധ വിപ്ലവത്തിലൂടെ ദില്ലി പിടിക്കാനാണോ നിങ്ങളുടെ ആഗ്രഹമെന്നും സുരേന്ദ്രന്‍ കളിയാക്കുന്നു.