ഇ മൊബിലിറ്റി പദ്ധതിക്കായി കേരളവുമായി ധാരണാപത്രം ഒപ്പിട്ടതായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ അക്കാര്യം മുഖ്യമന്ത്രി നിഷേധിക്കുന്നു. ധാരണാപത്രം ഒപ്പിട്ടു എന്ന് കമ്പനി തന്നെ അവകാശപ്പെടുകയും പരസ്യപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യമാണ്.
4500 കോടി രൂപ മുടക്കി 3000 ഇലക്ടിക് ബസ്സുകള്‍ വാങ്ങാനുള്ള പദ്ധതിയില്‍ വന്‍ അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 2019 ജൂണ്‍ 29ന് ധാരണാപത്രം ഒപ്പിട്ടെന്നാണ് വെബ്‌സൈറ്റില്‍ കമ്പനി അവകാശപ്പെടുന്നത്. ഗതാഗത മന്ത്രിയുടെ ചിത്രവും അതിലുണ്ട്. പദ്ധതിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പും ചീഫ് സെക്രട്ടറിയും രംഗത്ത് വന്നിരുന്നു. ഗതാഗത മന്ത്രിക്ക് ഇടപാടിനെ കുറിച്ച് ഒന്നുമറിയില്ല. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. വകുപ്പിന് ഒരു മന്ത്രി ഉണ്ടെന്ന് പോലും കണക്കാക്കാത്ത സ്ഥിതിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.