ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ ചൈനയെ നിശിതമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. അതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ യഥാര്‍ഥ സ്വഭാവമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഇപ്പോഴുള്ള അതിര്‍ത്തി സംഘര്‍ഷം അമേരിക്ക കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ലോകത്തോടുള്ള ചൈനയുടെ നിലപാടുകള്‍ പ്രകോപനപരമാണെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതായി വൈറ്റ് ഹൈസ് പ്രസ് സെക്രട്ടറി കെയ്‌ലി മെക്കനനി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്.
ചൈനയുടെ ഇത്തരം പ്രകോപനങ്ങളും അക്രമങ്ങളും നിയമലംഘനങ്ങളും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖമാണ് കാണിക്കുന്നത്. അതിര്‍ത്തികളിലെ ധാരണ ചൈന സ്ഥിരം ലംഘിക്കുകയാണ്. ധാരണകള്‍ അനുസരിക്കാതിരിക്കുന്നതും ചൈനയുടെ രീതിയാണെന്നും പ്രസിഡണ്ട് പറഞ്ഞു.
അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ അംഗങ്ങളും ചൈനയുടെ നടപടികളെ അപലപിച്ചു. എത്രയും വേഗം സമാധാനം ഉണ്ടാവട്ടെ എന്നും ആശംസിച്ചു. അതിര്‍ത്തിയിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ ചൈന അംഗീകരിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.