പുറത്ത്

0

ജോസ് കെ മാണി യുഡിഎഫില്‍ നിന്ന് പുറത്ത്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനം ഒഴിയാന്‍ പല തവണ പറഞ്ഞിട്ടും അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. പല തവണ ചര്‍ച്ച നടത്തിയിട്ടും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് നടപടി വേണ്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പറഞ്ഞു. ഇക്കാര്യത്തില# മുന്നണിയുടെ ലാഭനഷ്ടം നോക്കുന്നില്ലെന്നും ബെന്നി പറഞ്ഞു.

കെ എം മാണിയുടെ മരണ ശേഷം കേരള കോണ്‍ഗ്രസ് എം അധ്യക്ഷസ്ഥാനത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം മാണിയുടെ മകന്റെ പുറത്തേക്കുള്ള വഴിയൊരുക്കി. പി ജെ ജോസഫ്- ജോസ് കെ മാണി തര്‍ക്കം മൂലം പാല സീറ്റ് യുഡിഎഫിന് നഷ്ടമാകുന്നതിനും കാരണമായി.

ഇനിയിപ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആര്‍ക്കൊപ്പം എന്നത് ഒട്ടേറെ രാഷ്ട്രീയക്കളികള്‍ക്ക് വഴിവെക്കും. ജോസ് കെ മാണി ഇനി ആര്‍ക്കൊപ്പം എന്നതും കണ്ടറിയണം. എല്‍ഡിഎഫിലേക്ക് ചേക്കേറാം എന്ന പ്രതീക്ഷയിലാണ് ഇതുവരെ ജോസ് കെ മാണി യുഡിഎഫിനോട് വിലപേശിയിരുന്നത്. എന്നാല്‍ യുഡിഎഫില്‍ നിന്ന് പുറത്ത് പോയതോടെ വിലപേശലിന് ബലം കുറയും. ഇതോടെ എല്‍ഡിഎഫ് വക്കുന്ന എല്ലാ നിബന്ധനകളും വഴങ്ങേണ്ടിയും വരും. അണികളും നേതാക്കളും ജോസഫ് വിഭാഗത്തോടൊപ്പം ആണ് എന്ന തിരിച്ചറിവിലാണ് ജോസിനെ യുഡിഎഫ് പുറത്താക്കുന്നത്. കൂടാതെ രാഷ്ട്രീയ മര്യാദയില്ലാത്ത പെരുമാറ്റവും.