HomeWorldAsiaഇന്ത്യാ വിരുദ്ധത; നേപ്പാളില്‍ പ്രതിസന്ധി

ഇന്ത്യാ വിരുദ്ധത; നേപ്പാളില്‍ പ്രതിസന്ധി

ഇന്ത്യാ വിരുദ്ധ നീക്കളുമായി മുന്നേറുന്ന നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പാര്‍ടിയിലും സര്‍ക്കാരിലും ഒറ്റപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നില്‍ ഇന്ത്യന്‍ നീക്കങ്ങളാണെന്നാണ് ഒലിയുടെ ആരോപണം. നേപ്പാളിന്റെ പ്രകോപനത്തെ അതേ രീതിയില്‍ നേരിടാതെ തന്നെ തകര്‍ക്കാനാണ് ഇന്ത്യന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി അടുത്തിടെയാണ് നേപ്പാള്‍ ഭൂപടം പുതുക്കിയത്. ചൈനയുമായി കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായി നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം നല്‍കുന്ന ഒലി സര്‍ക്കാര്‍ ഇന്ത്യയ്‌ക്കെതിരെ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ചരിത്രാതീത കാലം മുതലുള്ള ഇന്ത്യയുമായുള്ള ബന്ധത്തെ പോലും മറന്നാണ് ഒലിയുടെ നീക്കങ്ങള്‍. ഇതിനെതിരെ വന്‍ എതിര്‍പ്പാണ് നേപ്പാളിലും ഭരണ കക്ഷിയിലും ഉള്ളത്. ഈ വികാരം മുതലെടുക്കുകയാണ് ഇന്ത്യന്‍ തന്ത്രം എന്നാണ് സൂചന.

ഒലിക്കെതിരെ കടുത്ത എതിര്‍പ്പാണ് ഇപ്പോള്‍ ഭരണ കക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ഉള്ളത്. അധികാരം നിലനിര്‍ത്താനുള്ള ഓട്ടത്തിലാണ് ഒലി. അദ്ദേഹത്തിന്റെ എതിരാളിയായ പി കെ ദഹല്‍(പ്രചണ്ഡ) ആണ് നീക്കത്തിന് പിന്നില്‍. ഇദ്ദേഹത്തിന് ഇന്ത്യന്‍ പിന്തുണയുണ്ടെന്ന് സ്ഥിരീകിരിക്കാത്ത  റിപ്പോര്‍ട്ടുകളുണ്ട്. ഒലിയോട് രാജിവെക്കാന്‍ പാര്‍ടി ആവശ്യപ്പെട്ടതായി അവിടെ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നു. നേപ്പാളില്‍ കൂടുതല്‍ പിടിമുറുക്കുന്ന ചൈനയ്‌ക്കെതിരെ ജനങ്ങളിലും എതിര്‍പ്പുണ്ട്.

തന്നെ പുറത്താക്കാനുള്ള ഗൂഡാലോചനക്ക് പിന്നില്‍ ഇന്ത്യയാണെന്ന് പ്രധാനമന്ത്രി ഒലി ആരോപിച്ചു. വിവധ എംബസികളിലും ഹോട്ടലുകളിലും ഇതിനായുള്ള ഗൂഡാലോചന നടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ വികാരമുണ്ടാക്കി ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാണ് ഒലിയുടെ ശ്രമമെന്നും ആരോപണമുണ്ട്. നേപ്പാളിനെതിരെ എതിര്‍പ്പുണ്ടെങ്കിലും അവശ്യ സാധനങ്ങള്‍ അടക്കമുള്ളവ അവിടേക്ക് കയറ്റി അയക്കുന്നുണ്ട് ഇന്ത്യ. ജനങ്ങളുടെ പിന്തുണ സ്വന്തമാക്കി ഭരണ നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ഇന്ത്യ ഉന്നമിടുന്നത്.

Most Popular

Recent Comments