മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെതിരെ വീണ്ടും ബിജെപി. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് കാരണം ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും കോണ്‍ഗ്രസും ആണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹന്‍.
ഇന്ത്യ-ചൈന പ്രശ്‌നം കോണ്‍ഗ്രസിന്റെ സ്യഷ്ടിയാണ്. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ആരും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ റോഡ് നിര്‍മിക്കാന്‍ ധൈര്യം കാണിച്ചില്ല. നരേന്ദ്ര മോദി അതിര്‍ത്തിയില്‍ റോഡും മറ്റ് സൗകര്യങ്ങളും ഒരുക്കിയതാണ് ചൈനയുടെ മോഹഭംഗത്തിന് കാരണം. ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാഘാതം ഉണ്ടാകുമെന്ന് ചൈന ഓര്‍ക്കണം.
1962ലെ ഇന്ത്യയല്ല, ഇന്നത്തെ ഇന്ത്യയെന്ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തോടെ ചൈനയ്ക്ക് മനസ്സിലായിട്ടുണ്ടാകും. ഇന്ത്യയെ നയിക്കുന്നത് നരേന്ദ്ര മോദിയാണ്. അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമ്മള്‍ ആരേയും പ്രകോപിപ്പിക്കില്ല, പക്ഷേ നമ്മളെ പ്രകോപിപ്പിച്ചാല്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നും. നമുക്കായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് മുന്നില്‍ തല കുനിക്കുകയാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രശ്‌നവും പരിഹരിക്കും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസ്താവനകള്‍ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നതാണെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഛത്തീസ്ഗഡിലെ ബിജെപി വെര്‍ച്വല്‍ റാലിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി.