കൈക്കൂലി: മുന്‍ സബ് രജിസ്ട്രാര്‍ക്ക് ജയില്‍

0

കൈക്കൂലി കേസില്‍ സര്‍ക്കാര്‍ ഉദ്യാഗസ്ഥക്ക് കഠിന തടവ് ശിക്ഷ. 5000 രൂപ കൈക്കൂലി വാങ്ങിയ ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ കൊയിലാണ്ടി എടക്കുളം പി കെ ബീനയ്ക്കാണ് 7 വര്‍ഷം കഠിന തടവ് ശിക്ഷ ലഭിച്ചത്. 5 ലക്ഷത്തി അയ്യായിരം പിഴയും അടക്കണം.

കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി കെ വി വിജയകുമാറിന്റേതാണ് വിധി. കൈക്കൂലി കേസില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളയാള്‍ക്ക് ലഭിക്കുന്ന വലിയ ശിക്ഷയാണിത്. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം.
ആധാരം എഴുത്തുകാരനായ ടി ഭാസ്‌ക്കരനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 2014 ഫെബ്രുവരി 22നാണ് സംഭവം. പണം തന്നില്ലെങ്കില്‍ ആധാരം റദ്ദ് ചെയ്യുമെന്നും ബീന ഭീഷണിപ്പെടുത്തിയിരുന്നു. പകുതി പണം വാങ്ങിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഭാസ്‌ക്കരന്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്.

നിലവില്‍ കോഴിക്കോട് ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ചിട്ടി ഓഫീസറായി ജോലി ചെയ്യുകയാണ്. അനധികൃത സ്വത്ത് സമ്പാദനവും കൈക്കൂലി വാങ്ങിയതും സംബന്ധിച്ച് മറ്റൊരു കേസ് കൂടി ഇവര്‍ക്കെതിരെയുണ്ട്.