സിപിഎമ്മിനും കോണ്‍ഗ്രസിനും ചൈനപക്ഷപാതിത്വം

0

രാജ്യം ഒറ്റക്കെട്ടായി ചൈനീസ് അതിത്തിയില്‍ പോരാടുന്ന ധീരസൈനികര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ചൈനപക്ഷപാതിത്വമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇന്ത്യന്‍ സൈനികര്‍ക്കെതിരായ ചൈനീസ് അതിക്രമത്തിനെതിരെയും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും രാജ്യവിരുദ്ധനയങ്ങള്‍ക്കെതിരെയും ബിജെപി നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷം ചൈനീസ് പക്ഷത്ത് ആള്‍നാശമില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷം തങ്ങളുടെ സൈനികരും കൊല്ലപ്പെട്ടെന്ന് ചൈന തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇനിയെന്ത് ചെയ്യും.  മാര്‍കിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ചൈനീസ് പട്ടാളക്കാരോടാണ് കൂറ്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നരേന്ദ്രമോദിയോടുള്ള വെറുപ്പ് അവരെ രാജ്യദ്രോഹ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുകയാണ്. 62ലെ യുദ്ധം മുതല്‍ ചൈനീസ് ചാരപ്പണി ചെയ്യുന്നവരാണ് സിപിഎം.  ഇന്ത്യയടക്കമുള്ള സാമ്രാജ്യത്വശക്തികള്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായിയും കൊടിയേരിയും അടക്കമുള്ള സിപിഎം നേതാക്കള്‍ പറഞ്ഞത്. നഗ്‌നമായ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സിപിഎമ്മിനെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും.

സോണിയയും രാഹുലും കോണ്‍ഗ്രസും ചൈനയ്ക്കൊപ്പമാണ്. 10 വഷം ഭരിച്ചിട്ടും ചൈനക്കെതിരെ ഒരക്ഷരം മിണ്ടാതിരുന്ന മന്‍മോഹന്‍സിംഗ് ഇപ്പോള്‍ പ്രശ്നം തീര്‍ക്കാന്‍ വന്നിരിക്കുകയാണ്.  ഗുണമേന്മയില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതെ പരമാവധി സ്വദേശി ഉല്‍പന്നങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും ചൈനവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികരുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കൊവിഡ് പ്രൊട്ടോകോള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം ആര്‍ ഗോപന്‍, വി പി ശിവരാമന്‍, ജില്ലാ ട്രഷറര്‍ നിഷാന്ത് സുഗുണന്‍, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍ എസ് രാജീവ്,  കൗണ്‍സിലര്‍മാരായ ബീന ആര്‍ സി, മഞ്ജു പി വി എന്നിവര്‍ പങ്കെടുത്തു.