ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം രൂക്ഷമാവുകയാണെങ്കില്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്തായി അതിവേഗ സൂപ്പര്‍സോണിക് ക്രൂയീസ് മിസൈലായ ബ്രഹ്‌മോസും ഉണ്ടാകും. ആവശ്യമാണെങ്കില്‍ ഉപയോഗിക്കാന്‍ അനുമതിയായി.
അവസാന മിനുക്കു പണിയില്‍ ഉള്ള മിസൈലുകള്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രവര്‍ത്തനക്ഷമമാക്കാമെന്ന് ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതോടെയാണ് മിസൈലിന് പച്ചക്കൊടി കിട്ടിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.
സുഖോയ് എസ് യു 30 പോലുള്ള വിമാനങ്ങളില്‍ നിന്ന് പ്രയോഗിക്കാവുന്ന മിസൈലാണിത്. 1,640 മുതല്‍ 46,000 അടി ഉയരത്തില്‍ നിന്ന് ലക്ഷ്യത്തിലേക്ക് പ്രയോഗിക്കാം എന്നതാണ് ബ്രഹ്മോസിന്റെ മറ്റൊരു പ്രത്യേകത. 300 മുതല്‍ 400 കിലോമീറ്റര്‍ വരെയാണ് പരിധി. അതിര്‍ത്തിക്കപ്പുറം ചൈനയുടെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ബ്രഹ്മോസ് ശക്തിയാവും.
ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ മിസൈലുകളില്‍ ഒന്നാണിത്. ചൈനയുമായി യുദ്ധം ചെയ്യേണ്ടിവരികയാണെങ്കില്‍ ഇന്ത്യയ്ക്ക് ഈ മിസൈല്‍ അധിക കരുത്ത് നല്‍കും. മിസൈല്‍ ശക്തിയിലും മറ്റ് ആയുധങ്ങളുടെ കാര്യത്തിലും നിലവില്‍ ചൈന ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. അതുകൊണ്ട് തന്നെയാണ് ബ്രഹ്മോസ് പ്രിയപ്പെട്ടവനാകുന്നതും. 30,000 കിലോമീറ്ററാണ് മിസൈലിന്റെ വേഗത. ശത്രുരാജ്യങ്ങളുടെ റഡാറുകളുടെ കണ്ണുവെട്ടിക്കാനും കഴിയും.