പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിരാഹാര സമരം തുടങ്ങി. സെക്രട്ടറിയറ്റ് നടയില്‍ ആണ് സമരം.
പ്രവാസികള്‍ മുഴുവന്‍ കോവിഡ് വാഹകരാണെന്നാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും കരുതുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനാല്‍ അവരൊന്നും ഇപ്പോള്‍ തിരിച്ചു വരേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. വിവധ പ്രവാസി സംഘടനകള്‍ അവിടെയുള്ളവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ തുരങ്കം വെക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
വന്ദേ ഭാരത് മിഷന്‍ കൃത്യമായി സര്‍വീസ് നടത്താത്തത് കൊണ്ടാണ് ചാര്‍ട്ടേഡ് വിമാനങ്ങളിലേക്ക് പ്രവാസികള്‍ തിരിഞ്ഞത്. അപ്പോഴാണ് അതിലും വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളിലും കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഇതോടെ ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ കുടുടങ്ങിയവര്‍ക്ക് നാട്ടിലെത്താന്‍ ബുദ്ധിമുട്ടായി.
മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ ട്രൂ നാറ്റ് ടെസ്റ്റ് പല രാജ്യങ്ങളിലും ഇല്ല. ഈ ടെസ്റ്റിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ഇല്ല. ഇങ്ങനെ ഓരോന്ന് പറഞ്ഞ് പ്രവാസികളെ പറ്റിക്കുകയാണ്. കോവിഡ് ടെസ്റ്റ് നടത്തുക അവിടെ പ്രായോഗികമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.