അഴിമതിയെന്ന് ബിജെപി

0

ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ പണം നല്‍കി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാട്ടക്കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാരിനെ തിരിച്ച് ഏല്‍പ്പിക്കാതെ ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശംവച്ച് ബിലീവേഴ്‌സ് ചര്‍ച്ചിന് കൈമാറിയ 2263 ഏക്കര്‍ ഭൂമിയാണ് പണം കൊടുത്ത് വാങ്ങുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 വിമാനത്താവള നിര്‍മ്മാണത്തിനായി ഉപാധികളില്ലാതെ സര്‍ക്കാരിന് എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നിരിക്കെ ഇപ്പോള്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് പണം നല്‍കി ഏറ്റെടുക്കാനുള്ള നീക്കം ഗൂഢാലോചനയാണ്. കോടതി ഉത്തരവുകൾ സർക്കാർ നടപ്പിലാക്കുകയാണ് വേണ്ടത്.   വ്യാജരേഖ ചമച്ചാണ് ഹാരിസണ്‍ ഭൂമി കൈമാറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എം.ജി. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടും, മറ്റു കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഇത് ശരിവയ്ക്കുന്നു. ബിലീവേഴ്‌സ് ചര്‍ച്ച് ഈ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ കക്ഷിയേയല്ല. ആ സ്ഥിതിക്ക് ബിലീവേഴ്‌സ് ചര്‍ച്ചിന് പണം നല്‍കി ഭൂമി ഏറ്റെടുക്കേണ്ട ആവശ്യവുമില്ല.

പാട്ടക്കാലാവധി കഴിഞ്ഞ ഇത്തരം നിരവധി ഏക്കര്‍ ഭൂമിയാണ് പലരും അനധികൃതമായി കയ്യില്‍ വച്ചിരിക്കുന്നത്. ഈ ഭൂമിയെല്ലാം ഏറ്റെടുത്ത് കേരളത്തില്‍ ഭൂമിയില്ലാത്ത വനവാസി വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കണമെന്നും  കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.