അവിടെ ഇന്ധനം, ഇവിടെ വൈദ്യുതി

0

ഭരണക്കാര്‍ക്ക് പ്രശ്‌നം പണം

വിലക്കുറവ് വരാതിരിക്കാന്‍ അധിക തീരുവ

ലാഭത്തില്‍ കുറവ് വരാതിരിക്കാന്‍ വിലവര്‍ധന

പ്രതിദിനം വിലകൂട്ടി എണ്ണക്കമ്പനികള്‍

ജനങ്ങളുടെ ബുദ്ധിമുട്ടും പട്ടിണിയും ഒന്നുമല്ല പ്രശ്‌നം. ഭരിക്കുന്നവര്‍ക്ക് പണം വേണം. അവരുടെ ചെലവുകളില്‍ കുറവൊന്നും വരാന്‍ പാടില്ല. അതിപ്പോള്‍ ധൂര്‍ത്തായാലും, സ്വജനപക്ഷപാതമായാലും, അഴിമതിയായാലും. കൈനിറയെ പണം. അടുത്ത 5 വര്‍ഷത്തേക്കുള്ള പണം.

രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ 5 വര്‍ഷം കൂടുമ്പോള്‍ ആണല്ലോ. അതുകൊണ്ടാണ് അടുത്ത 5 വര്‍ഷം ഭരണം ഇല്ലേലും പിടിച്ചു നില്‍ക്കണ്ടേ എന്ന ചോദ്യം വരുന്നത്. പിടിച്ചു നില്‍ക്കാന്‍ പണം വേണം. ഭരണം പോയാലും പ്രതിപക്ഷത്തായാലും സുഖസൗകര്യങ്ങളും ആര്‍ഭാടങ്ങളും ചെലവും കുറക്കാനാവില്ല.

കോവിഡ് 19 എന്ന മഹാമാരിയില്‍ ദുരിതപര്‍വ്വം താണ്ടുകയാണ് 135 കോടി മനുഷ്യര്‍. ഒരു നേരത്തിന്റെ അന്നത്തിനായി നെട്ടോട്ടമോടുന്നവരും അവരിലുണ്ട്. ഭരിക്കുന്നവര്‍ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ചാണക്യന്‍ അര്‍ത്ഥശാസ്ത്രത്തില്‍ പറയുന്നുണ്ട്. പാവപ്പെട്ടവന്റെ ദുരിതം മനസ്സിലാക്കി ഭരിക്കാത്തവര്‍ ദ്രോഹികളാണ്.

പറഞ്ഞുവരുന്നത് പ്രതിദിനം കൂടുന്ന ഇന്ധനവിലയും വയറ്റത്തടിക്കുന്ന വൈദ്യുതി ബില്ലുമാണ്. ലോകത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങള്‍ സാമ്പത്തിക തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. വിലത്തകര്‍ച്ചയും ആവശ്യക്കാര്‍ കുറഞ്ഞതും അവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒരു ഘട്ടത്തില്‍ പെട്രോളിന് നെഗറ്റീവ് വിലയായിരുന്നു അമേരിക്കയില്‍. പക്ഷെ ഇതൊന്നും ഇന്ത്യയില്‍ ബാധകമല്ല.

ക്രൂഡ് ഓയിലിന് ബാരലിന് 100 ഡോളറിന് മുകളില്‍ വിലയുള്ളപ്പോള്‍ ഉള്ള അവസ്ഥയാണ് 20 ഡോളറില്‍ താഴെയെത്തിയാലും. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞാല്‍ ഉടന്‍ തീരുവ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട വിലക്കുറവ് തടയും. 20 ല്‍ നിന്ന് ഉയരുന്ന ഓരോ ഡോളറിന് അനുസരിച്ച് വില കൂട്ടി രാജ്യത്തെ എണ്ണക്കമ്പനികളും ജനങ്ങളെ പിഴിയും.

20ല്‍ രൂപയില്‍ താഴെ മാത്രം വിലവരുന്ന പെട്രോളിനും ഡീസലിനും പൊതുജനങ്ങള്‍ നല്‍കേണ്ടത് 70 രൂപയില്‍ കൂടുതലാണ്. ഇപ്പോള്‍ 50 രൂപയില്‍ കൂടുതലാണ് ജനങ്ങളില്‍ നിന്ന് നികുതി, തീരുവ, സെസ്സ് തുടങ്ങിയ പേരുകളില്‍ ഈടാക്കുന്നത്.

തുടര്‍ച്ചയായ 12 ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടിയിരിക്കുകയാണ്. പെട്രോളിന് 53 പൈസയും ഡീസലിന് 64 പൈസയും കൂട്ടി. കഴിഞ്ഞ 12 ദിവസങ്ങള്‍ കൊണ്ട് പെട്രോളിന് 6.65 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് പിന്നിലെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു.

കോവിഡിന്റെ മറവില്‍ ഇരുട്ടടി

വൈദ്യതി ബില്ലില്‍ ആയിരങ്ങളുടെ വര്‍ധന

ബില്ലില്‍ കുറവില്ല, തവണകളായി അടയ്ക്കാം

കേരളത്തിലെ വൈദ്യുതി ബില്ലും ജനങ്ങളെ കൊള്ളയടിക്കുന്നതാണ്. ശക്തമായ
പ്രതിഷേധം ഉയരുമ്പോഴും ന്യായീകരിച്ച് മുന്നേറുകയാണ് സര്‍ക്കാരും കെഎസ്ഇബി ചെയര്‍മാനും. രണ്ടായിരമോ മൂവായിരമോ ബില്ല് വന്നിരുന്ന വീടുകളില്‍ പതിനായിരമായി. കോവിഡ് കാലത്തെ ജനസേവനം. ബില്‍ അടയ്ക്കാന്‍ തവണകള്‍ അനുവദിച്ചു എന്ന മഹാത്യാഗത്തില്‍ ഊറ്റം കൊള്ളുകയാണ് വൈദ്യുതി ബോര്‍ഡ്. കോവിഡ് കാലത്ത് എന്തും ആകാം എന്ന ചിന്തയാണ് എല്ലാ ഭരണക്കാര്‍ക്കും. പ്രതിപക്ഷം പറയുന്നത് വിശ്വസിക്കാമെങ്കില്‍ എത്ര അഴിമതിയും സ്വജനപക്ഷപാതവുമാണ് സംസ്ഥാനത്ത് നടക്കുന്നത്.

ഏറ്റവും ഒടുവില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗമായി നിശ്ചയിച്ചത് സ്വന്തം പാര്‍ടിക്കാരനെന്ന വര്‍ത്തയും കണ്ടു. അതില്‍ തെറ്റില്ല, പക്ഷേ അതിനായി ഒഴിവാക്കിയത് ജഡ്ജിമാര്‍, ഈ മേഖലയില്‍ അനുഭവ സമ്പത്തുള്ള പ്രശസ്തര്‍ തുടങ്ങിയവരെയാണ് എന്നതാണ് അദ്ഭുതം. നിയോഗിക്കപ്പെട്ടയാളുടെ യോഗ്യത പാര്‍ടിക്കാരനായതും സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് പദവിയും.