കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പുതിയ സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ ആദിവാസി ഊരുകൾ ഉൾപ്പെടെ അങ്കണവാടികൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിലായി മുഴുവൻ കുട്ടികൾക്കും കാണാൻ അവസരമൊരുക്കിയിരുന്നു.
വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിരുന്ന സമയക്രമത്തിൽ തന്നെയാണ് പുതിയ വിഷയങ്ങളുളള ക്ലാസുകൾ സംപ്രേഷണം ചെയ്തത്. ആദ്യ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ലഭിച്ചത്.
ടിവിയില്ലാത്ത വീടുകളിലുള്ളവർക്ക് പഠന സൗകര്യമൊരുക്കി നൽകിയാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചതായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തൃശൂർ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് സിദ്ദിഖ് അറിയിച്ചു. കേരളത്തിൽ കണ്ണൂർ ജില്ല കഴിഞ്ഞാൽ തൃശൂർ ജില്ലയാണ് ഇത്തരത്തിൽ വേഗത്തിൽ അസൗകര്യങ്ങളെ മറികടന്നത്.
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വീടുകളിലെ കുട്ടികൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ ഒരാഴ്ചത്തെ സമയം സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇതുപ്രകാരം സർക്കാർ, സന്നദ്ധ, യുവജന സംഘടനകൾ വഴി നിരവധി പേർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ടി.വി, കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവ വാങ്ങുന്നതിന് ഗ്രാമപഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷനുകൾക്ക് ആവശ്യമായ തുക ചെലവഴിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ഓരോ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലും വിദ്യാർഥികൾക്ക് ടിവി നൽകുന്നത് കൂടാതെ, എൽ സി ഡി പ്രോജക്ടറോട് കൂടിയ ഓൺലൈൻ പൊതു പഠന കേന്ദ്രങ്ങളും ആരംഭിച്ചിരുന്നു. വായനശാലകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, പി ടി ഐ എന്നിവരുടെ സഹകരണത്തോടെ ടിവിയും കേബിൾ കണക്ഷനും ഇല്ലാത്ത വീടുകളിൽ എത്തിച്ചു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാംഘട്ട ക്ലാസുകൾ തുടങ്ങാൻ കൈറ്റ് തീരുമാനിച്ചത്.
കൈറ്റ് വിക്ടേഴ്സ് ചാനലിന് പുറമെ ഫേസ്ബുക്കിൽ victerseduchannel ലിൽ ലൈവായും, യൂറ്റിയൂബിൽ itsvicters വഴിയും ക്ലാസുകൾ കാണാം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളിൽ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകൾക്ക് നിലവിലുള്ളതുപോലെ ശനി, ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാൻ കഴിയാത്ത കുട്ടികൾക്ക് പിന്നീട് വെബ്ബിൽ നിന്നും, ഓഫ്ലൈനായി ഡൗൺലോഡ് ചെയ്തും ക്ലാസുകൾ കാണാം.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിൾ കൈറ്റ് വെബ്സൈറ്റിൽ (www.kite.kerala.gov.in) ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലിൽ 411, ഡെൻ നെറ്റ്വർക്കിൽ 639, കേരള വിഷനിൽ 42, ഡിജി മീഡിയയിൽ 149, സിറ്റി ചാനലിൽ 116, സൺ ഡയറക്റ്റ്-240, ടാറ്റാ സ്‌കൈ-1897, എയർ ടെൽ- 867, വീഡിയോകോൺ ഡി2എച്ച് -642, ഡിഷ് ടിവി-642 എന്നീ നമ്പറുകളിലായാണ് ചാനൽ ലഭ്യമാക്കിയത്.
വിക്ടേഴ്‌സ് ചാനലിൽ ജൂൺ16 സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ ടൈംടേബിൾ:-
ക്ലാസ് 12- രാവിലെ 8.30 ഹിന്ദി, 9.00- കെമിസ്ട്രി, 9.30- ബിസിനസ് സ്റ്റഡീസ്, 10.00-ഹിസ്റ്ററി.
ക്ലാസ് 1- 10.30 പൊതു വിഷയം.
ക്ലാസ് 10- രാവിലെ 11.00- ജീവശാസ്ത്രം, 11.30- ഗണിതം, ഉച്ചയ്ക്ക് 12.00- സംസ്‌കൃതം.
ക്ലാസ് 2- ഉച്ചയ്ക്ക് 12.30-ഇംഗ്ലീഷ്.
ക്ലാസ് 3- ഉച്ചയ്ക്ക് 1.00- ഇംഗ്ലീഷ്.
ക്ലാസ് 4 ഉച്ചയ്ക്ക് 1.30- ഇംഗ്ലീഷ്.
ക്ലാസ് 5 ഉച്ചയ്ക്ക് 2.00- മലയാളം.
ക്ലാസ് 6 ഉച്ചയ്ക്ക് 2.30- അടിസ്ഥാനശാസ്ത്രം.
ക്ലാസ് 7 വൈകീട്ട് 3.00- സാമൂഹ്യശാസ്ത്രം.
ക്ലാസ് 8 വൈകീട്ട് 3.30- ഇംഗ്ലീഷ്, 4.00-ഊർജ്ജതന്ത്രം.
ക്ലാസ് 9 വൈകീട്ട് 4.30- ജീവശാസ്ത്രം,5.00- രസതന്ത്രം.
പത്ത്, പ്ലസ് ടു ക്ലാസ്സുകളുടെ പുനഃസംപ്രേഷണം അതാത് ദിവസങ്ങളിൽ വൈകുന്നേരം 5.30നും 7 മണിക്കും നടക്കും. മറ്റ് ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണം ചെയ്യും.