ദാരിദ്ര്യം തുടച്ചു നീക്കുമെന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറഞ്ഞിരുന്നുവെങ്കിലും നടപ്പാക്കിയത് നരേന്ദ്ര മോദിയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പല സര്‍ക്കാരുകളും വാക്ക് നല്‍കുക മാത്രമാണ് ചെയ്തത്. എന്നാല്‍ മോദി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കി കാണിക്കുന്നു. ബീഹാര്‍ ജന്‍സംവാദ് റാലിയെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
കോവിഡ് മഹാമാരിക്കെതിരെ രാജ്യത്തെ ഒന്നിട്ടു നിര്‍ത്തുന്നതിനും ജനങ്ങളില്‍ ആത്മവീര്യം ഉയര്‍ത്തുന്നതിനുമാണ് വെര്‍ച്വല്‍ റാലി. ഇത് തിരഞ്ഞെടുപ്പ് റാലിയല്ല. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള റാലിയാണ്. കൊറോണ പ്രതിരോധ പോരാളികളെ സല്യൂട്ട് ചെയ്യുകയാണ്. അവര്‍ സ്വന്തം ജീവന്‍ അപകടത്തില്‍ പെടുത്തിയാണ് പോരാടുന്നത്.
ഇന്നിപ്പോള്‍ നമ്മുടെ അതിര്‍ത്തികള്‍ ഭദ്രമാണ്. ആര്‍ക്കുവേണമെങ്കിലും കയറി വരാവുന്ന അവസ്ഥ ഇപ്പോള്‍ ഇല്ല. ഭീകരന്മാര്‍ക്ക് ശക്തമായ താക്കീത് നമ്മള്‍ നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു അമിത് ഷായുടെ പ്രസംഗം. വെര്‍ച്വല്‍ റാലിക്കെതിരെ പാത്രങ്ങളില്‍ തട്ടി ശബ്ദമുണ്ടാക്കിയ ആര്‍ജെഡിയെ പരിഹസിക്കാനും ആഭ്യന്തരമന്ത്രി മറന്നില്ല. കൊറോണ പോരാളികളോട് നന്ദി പ്രകടിപ്പിക്കാന്‍ പാത്രങ്ങളില്‍ കൊട്ടണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഒടുവില്‍ എല്ലാവരും കേട്ടതില്‍ സന്തോഷമുണ്ടെന്ന് അമിത് ഷാ പറഞ്ഞു.