കണ്ണീരായി ദേവിക

0

കേരളത്തിന്റെ പ്രതിരോധ പോരാട്ടങ്ങളില്‍ കണ്ണീരായി ദേവിക. വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്ത ഈ പത്താംക്ലാസുകാരി നാടിന്റെ മൊത്തം ദുഖമായി. ദേവികയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഞാന്‍ പോകുന്നു എന്ന് മാത്രമാണ് നോട്ട്ബുക്കില്‍ ഉള്ളത്.

ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. വീട്ടിലെ കേടായ ടിവി നന്നാക്കാന്‍ കാശില്ലാത്തതിനാല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള സൗകര്യങ്ങളും ഇല്ലാത്തതില്‍ തനിക്ക് പഠിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്നു ദേവികയെന്ന് എല്ലാവരും പറഞ്ഞു.

വളാഞ്ചേരി മാങ്കേരി പട്ടികജാതി കോളനിയിലാണ് ദേവികയുടെ വീട്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. തിങ്കഴാള്ച വൈകീട്ട് അഞ്ചരയോടെയാണ് ദേവികയുടെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞു കിടക്കുന്ന കെട്ടിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയില്‍ ബാലകൃഷ്ണന്റേയും ഷീബയുടേയും മകളാണ്.