എല്ലാറ്റിനേയും എതിര്‍ക്കുന്ന നയം തുടരുന്ന എല്‍ഡിഎഫും സിപിഎമ്മും വിക്ടേഴ്‌സ് ചാനലിനേയും എതിര്‍ത്തവരാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമാണ് അവര്‍ക്ക് വികസനങ്ങളെ അംഗീകരിക്കാന്‍ കഴിയുക. ഇപ്പോള്‍ 14 വര്‍ഷം കഴിഞ്ഞ് വിക്ടേഴ്‌സ് ചാനലിനെ അവര്‍ അംഗീകരിക്കുന്നു.
ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനപൂര്‍വം പറയാന്‍ അന്ന് എതിര്‍ത്ത വിക്ടേഴ്‌സ് ചാനലിനെ തന്നെ ആശ്രയിക്കേണ്ടി വന്നു. കമ്പ്യൂട്ടറിനെ എതിര്‍ത്തവര്‍ പിന്നീട് അതിനെ ആശ്രയിക്കുന്നവരായ പോലെ. 2005ല്‍ എല്‍ഡിഎഫിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിക്ടേഴ്‌സ് ചാനല്‍ തുടങ്ങിയത്. രാജ്യത്തെ തന്നെ മികച്ച വിദ്യാഭ്യാസ ചാനലാണിത്.
2004ല്‍ വിദ്യാഭ്യാസത്തിന് മാത്രമായി ഐഎസ്ആര്‍ഒ എഡ്യുസാറ്റ് സാറ്റലൈറ്റ് വിക്ഷേപിച്ചപ്പോള്‍ അതിനെ പ്രയോജനപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ ആദ്യമായി രൂപം കൊടുത്ത വിദ്യാഭ്യാസ ചാനലാണ് വിക്ടേഴ്‌സ്. 2005 ജൂലൈ 28ന് അന്നത്തെ രാഷ്ട്രപതി മഹാനായ ഡോ. അബ്ദുല്‍ കലാമാണ് ഉദ്ഘാടനം ചെയ്തത്.
എസ്എസ്എല്‍സിക്ക് പതിമൂന്നാമത്തെ വിഷയമായി ഐടി ഉള്‍പ്പെടുത്തിയപ്പോഴും ഇക്കൂട്ടര്‍ എതിര്‍പ്പുമായി വന്നു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ടെക്‌നോളജി ആക്കിയപ്പോഴും സമരങ്ങളുമായി ഇടതുപക്ഷക്കാര്‍ വന്നു. ഐടി പരീക്ഷ ബഹിഷ്‌ക്കരിക്കുമെന്നും പിന്നീട് എല്‍ഡിഎഫുകാര്‍ പ്രഖ്യാപിച്ചു. അധ്യാപകരെ ഒഴിവാക്കാനാണ് ഓണ്‍ലൈന്‍ ചാനല്‍ എന്നും പ്രചരിപ്പിച്ചു.
വിദൂര വിദ്യാഭ്യാസത്തിന്റേയും സാങ്കേതിക വിദ്യകളുടേയും അനന്ത സാധ്യതകള്‍ ഉപയോഗിക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. പക്ഷേ എല്ലാ വികസന പ്രവര്‍ത്തനങ്ങളേയും സാങ്കേതിക വിദ്യകളേയും എതിര്‍ക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ നടത്തിപ്പുകാരാവുകയും ചെയ്യുന്നവരാണ് എല്‍ഡിഎഫുകാര്‍. സാങ്കേതിക വിദ്യയുടെ പ്രധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് 14 വര്‍ഷവും കൊറോണയും വേണ്ടിവന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.