സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് ഇന്ന് വിരമിക്കും. ഭരിക്കുന്ന പാര്‍ടിക്കും സര്‍ക്കാരിനും ഇഷ്ടമില്ലാതായാല്‍ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ തൊഴില്‍ മേഖല എത്ര കഠിനവും ദുരന്തവും ആയിരിക്കുമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണ് ഇദ്ദേഹത്തിന്റെ സര്‍വീസ് ജീവിതം.
ഐപിഎസ് ഉദ്യോഗസ്ഥനാണെങ്കിലും വളരെ കുറച്ചു കാലം മാത്രമാണ് ജേക്കബ് തോമസിന് കാക്കി അണിയാന്‍ ഭാഗ്യം ഉണ്ടായിട്ടുള്ളു. എന്നും വിവാദങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. സ്വന്തം നിലപാടുകളും അഴിമതി വിരുദ്ധ പോരാട്ടവും അദ്ദേഹത്തെ പലരുടേയും കണ്ണിലെ കരടാക്കി. അവരാകട്ടെ അതി ശക്തരുമായിരുന്നു. കിട്ടുന്ന കസേരകളില്‍ ഇരുന്ന് അഴിമതിയുടെ കടയ്ക്കല്‍ കത്തി വെക്കുന്ന രീതി മൂലം എല്ലായിടത്തും ഉണ്ടായത് ശത്രുക്കള്‍ മാത്രം.
ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഏറ്റവും പ്രിയപ്പെട്ട ഉദ്യേഗസ്ഥനായിരുന്നു ജേക്കബ് തോമസ്. പക്ഷേ ഈ ഇഷ്ടം അധികനാള്‍ നീണ്ടുനിന്നില്ല. മന്ത്രി ഇ പി ജയരാജനെതിരായ ബന്ധുനിയമന വിവാദത്തില്‍ കേസെടുത്തപ്പോള്‍ മുഖ്യമന്ത്രിയും തിരിഞ്ഞു. വിജിലന്‍സ് ഡയറക്ടറായി അദ്ദേഹം എടുത്ത നടപടികള്‍ മൂലം സിപിഎം നേരത്തെ ഇടഞ്ഞുനില്‍പ്പായിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിന് പ്രതിപക്ഷ പിന്തുണയും കിട്ടിയില്ല. ഒരു കാലത്ത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നയാളെ ഏറെ വിമര്‍ശിച്ച ശേഷം പിന്തുണക്കുന്നത് പരിഹാസ്യമാകും എന്നായിരുന്നു പ്രതിപക്ഷ നിലപാട്.
ഉന്നത ഉദ്യോഗസ്ഥരും വിജിലന്‍സിന്റെ നോട്ടപ്പുള്ളികള്‍ ആയപ്പോള്‍ ഐഎഎസ് ലോബിയും ശത്രുക്കളായി, പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ശത്രുപക്ഷത്തായി. പിന്നീട് വേട്ടയാടലിന്റെ നാളുകള്‍. നിര്‍ബന്ധിത ലീവ് എടുപ്പിക്കല്‍, സസ്‌പെന്‍ഷനുകള്‍, കേസുകള്‍….അപ്പോഴും ഒറ്റക്ക് നിന്ന് പോരാട്ടം തുടരുകയായിരുന്നു ഈ ഐപിഎസ് കാരന്‍. അവധി കഴിഞ്ഞ് എത്തിയപ്പോള്‍ നല്‍കിയത് ഐഎംജി ഡയറക്ടറുടെ പദവി. അവിടെയിരുന്നു പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നു. ഇതിനിടെ ഓഖി ദുരന്തകാലത്ത് സര്‍ക്കാരിന്റെ ചില നടപടികളെ വിമര്‍ശിച്ചു. ഇതോടെ സസ്‌പെന്‍ഷന്‍ ആയി. പിന്നെ സസ്‌പെന്‍ഷനുകളുടെ ഘോഷയാത്ര. അനുമതിയില്ലാതെ പുസ്തകം എഴുതി, സര്‍ക്കാരിനെ പ്രസംഗത്തില്‍ വിമര്‍ശിച്ചു, ..കാരണങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിച്ച് സര്‍ക്കാര്‍ വാശി തീര്‍ത്തു.
രണ്ടു വര്‍ഷം സര്‍വീസിന് പുറത്ത്. രാജിക്കത്ത് അയച്ചെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല. ഇതോടെ നിയമവഴി തേടി. ഒന്നുകില്‍ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കുക, അല്ലെങ്കില്‍ രാജി അംഗീകരിക്കുക. ഒടുവില്‍ സര്‍ക്കാരിന് അദ്ദേഹത്തെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. പുതിയ ലാവണം കണ്ടെത്തി. ഇതുവരെ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ഇരുന്നിട്ടില്ലാത്ത കസേരയില്‍ ജേക്കബ് തോമസിനെ ഇരുത്തി. നഷ്ടത്തില്‍ കൂപ്പുകുത്തിയ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ തലപ്പത്ത്.
അവിടെ ഇരുന്ന് സ്ഥാപനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ വിവിധങ്ങളായ പദ്ധതികള്‍ ആസുത്രണം ചെയ്തു. കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ആവിഷ്‌ക്കരിച്ച പരിപാടി പക്ഷേ കോവിഡ് ആയതിനാല്‍ വിജയിപ്പിക്കാനായില്ല. പരശുരാമന്റെ മഴു എന്ന ലോഹം കൊണ്ടുണ്ടാക്കുന്ന ഗിഫ്റ്റ് നല്ല രീതിയില്‍ വിറ്റു പോകുന്നുണ്ട്. ഇവിടെ ഉണ്ടാക്കുന്ന കത്തികള്‍ക്കും ആയുധങ്ങള്‍ക്കും മൂര്‍ഛ കുറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന അദ്ദേഹത്തിന്റെ തമാശയും ഏറെ ആഘോഷിക്കപ്പെട്ടതാണ്.
അഴിമിതക്കെതിരെ കുരിശു യുദ്ധം നടത്തിയ അദ്ദേഹം ഇന്ന് പടിയിറങ്ങുമ്പോള്‍ രണ്ട് അഴിമതി കേസുകള്‍ ഒപ്പമുണ്ട്. തമിഴ്‌നാട്ടില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നതാണ് പ്രധാന കേസ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നതാണ് രണ്ടാമത്തെ കേസ്.
സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന അദ്ദേഹത്തിന്റെ പുസ്‌കവും ഏറെ വിവാദമായി. അതിലും അഴിമതികളെ പുറത്തു കൊണ്ടുവരികയായിരുന്നു 1985 ബാച്ചിലെ ഈ ഐപിഎസുകാരന്‍.
സര്‍വീസിലെ അവസാന ദിവസം ജോലിസ്ഥലത്ത് നിലത്ത് കിടക്ക വിരിച്ച് ഉറങ്ങിയും ജേക്കബ് തോമസ് വ്യത്യസ്ഥനായി. സിവില്‍ സര്‍വീസിന്റെ അവസാന ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ എന്ന അടിക്കുറിപ്പോടെ അദ്ദേഹം ആ ചിത്രം പോസ്റ്റ് ചെയ്തു. പൊലീസ് ആസ്ഥാനത്തും ഐപിഎസ് അസോസിയേഷനും സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങുകളില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു. ഇത്രയും കാലം വേട്ടയാടാന്‍ കൂട്ടുനിന്നവരുടെ യാത്രയയപ്പ് വേണ്ടാ എന്ന് അദ്ദേഹത്തിന് തോന്നിക്കാണുമെന്നാണ് ഇതേ കുറിച്ചുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം.
തോറ്റുപോയ ഉദ്യോഗസ്ഥനായാണോ അതോ ഒഴുക്കിനെതിരെ നീന്താനെങ്കിലും ശ്രമിച്ചയാളായാണോ ഭാവി രേഖപ്പെടുത്തുക എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. എന്തായാലും ഈ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഒരു മാതൃക തന്നെയാണ്.